“ഏകാന്തതയുടെ നടുവിൽ ഇറങ്ങിവരുന്ന ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക”: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി ബി

ഡാളസ്: ഏകാന്തതയുടെ നടുവിലേക്ക് ഇറങ്ങിവരുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുന്നവനാണ് ലോകത്തിനും സമൂഹത്തിനും അനുഗ്രഹമായി തീരുക എന്ന് യാക്കോബിന്റെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് ഇവാഞ്ചലിസ്റ്റ്, ബോവാസ് കുട്ടി ബി . ഉൽപ്പത്തി പുസ്തകം മുപ്പത്തിരണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള യാക്കോബിന്റെ ജീവിതം, യബോക്ക് കടൽത്തീരത്ത് ആയിരുന്നപ്പോൾ നിരാശയുടെയും, പ്രതിസന്ധിയുടെയും, പോരാട്ടത്തിന്റെയും അനുഭവത്തിൽ കൂടി കടന്നു പോയെങ്കിലും , ദൈവിക സാന്നിധ്യം തിരിച്ചറിഞ്ഞ യാക്കോബ് പുതിയ നാമത്തിനും,തലമുറകളുടെ അനുഗ്രഹത്തിനും കാരണഭൂതനായി തീർന്നുവെന്ന് പ്രസംഗത്തിൽ ഓർമിപ്പിച്ചു.

നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം സൗത്ത്-വെസ്റ്റ് സെന്റർ എ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കൺവെൻഷൻ സമാപന ദിനം സെപ്റ്റംബർ 29ന് വചനശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു, മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ പ്രഭാഷകനും, ഡിണ്ടിഗൽ/ അംബ്ലിക്കൽ മിഷൻ ഫീൽഡ് സുവിശേഷകനും ആയ ബോവാസ് കുട്ടി.

അഞ്ചു ദിവസങ്ങളിലായി നടന്ന പാരിഷ് മിഷൻ കൺവെൻഷനിൽ ഇന്ത്യയിലെ വിവിധ മിഷൻ ഫീൽഡുകളിൽ പ്രവർത്തിക്കുന്ന സുവിശേഷകർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സുവിശേഷ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ കുടുംബങ്ങളെ കുറിച്ചും, അവർ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ചും, സഭയുടെ സുവിശേഷ ദർശനത്തെ കുറിച്ചും, സുവിശേഷകർ വിവരിച്ചു. ഈ കാലഘട്ടത്തിലെ സുവിശേഷ ഘോഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി സുവിശേഷകരെ വാർത്തെടുക്കുവാൻ പാരിഷ് മിഷന്റെ പ്രവർത്തനങ്ങൾക്ക് സാധ്യമായി തീരണം എന്ന് സുവിശേഷകർ അഭിപ്രായപ്പെട്ടു.

സുവിശേഷ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി സംഭാവനകൾ നൽകിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും, തുടർന്നും ഈ ശുശ്രൂഷയിൽ പങ്കാളികളാകുവാൻ താല്പര്യമുള്ളവർ സെന്റർ സെക്രട്ടറി അലക്സ് കോശിയെ അറിയിക്കുവാൻ പാരിഷ് മിഷൻ സെന്റർ എ വൈസ് പ്രസിഡണ്ട് ഷാജി രാമപുരം അറിയിച്ചു.

അഞ്ച് ദിവസങ്ങളിലും സംഘപരിവാര കൺവെൻഷനിൽ പങ്കെടുത്ത ഏവരോടും ഉള്ള കൃതജ്ഞത പാരിഷ് മിഷൻ സെന്റർ എ പ്രസിഡൻറ് റവ. അലക്സ് യോഹന്നാൻ അറിയിച്ചു. സെൻറ് പോൾ മാർത്തോമ ചർച്ച് ആതിഥേയം വഹിച്ച സമാപന ദിന കൺവെൻഷന് ഇടവക വികാരി റവ. ഷൈജു സി ജോയ് അദ്ധ്യക്ഷത വഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News