ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ (കവിത): ജയൻ വർഗീസ്

യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി
ചുവന്ന ഭൂമി
മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ
മനുഷ്യ മോഹങ്ങളുടെ
ചുടലക്കളം
ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന്
പറന്നുയരുന്ന
ഫീനിക്സ് പക്ഷി.
വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന
ആഗ്നേയാസ്ത്രങ്ങളുടെ
സീൽക്കാരങ്ങൾ.
സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ
തകർന്നടിയുന്ന തലമുറകൾ !

ആറടി മണ്ണിനുള്ള അവകാശ തർക്കത്തിൽ
ആധി പിടിക്കുന്ന
മനുഷ്യ പുത്രാ,
അപരന്റെ നെഞ്ചിൻ കൂടിൽ
കുറുകുന്ന കുഞ്ഞു കിളിയുടെ
മൃദു മൊഴിയാവട്ടെ
നിന്റെ സംഗീതം.
നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച
ആധുനികതയുടെ
അടയാള മമുദ്ര 666 !
ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ.
അവൻ തന്നെയോ അന്തിക്രിസ്തു?
അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ
അഴിഞ്ഞു വീഴുന്ന ദൈവീകത.
നിനക്ക് നിന്നെ നഷ്ടമാവുന്നു !
മതത്തിന് വേണ്ടി
മനുഷ്യനെ കൊല്ലുന്ന
മര മണ്ടൻ നീ തന്നെയല്ലേ?

അപരന്റെ നെഞ്ചിൻ കൂടിൽ
കുറുകുന്ന കുഞ്ഞു കിളിയുടെ
മൃദു മൊഴിയാവട്ടെ
നിന്റെ സംഗീതം.
മരണാനന്തരം മതങ്ങൾ ചൂണ്ടുന്ന
മായാ സ്വർഗ്ഗം നമുക്ക് വേണ്ട.
നനുത്ത വായുവിന്റെ മിനുത്ത കൈകൾ
തഴുകുന്ന ഈ ഭൂമിയാകുന്നു
നമ്മുടെ സ്വർഗ്ഗ യാഥാർഥ്യം !!

Print Friendly, PDF & Email

Leave a Comment

More News