ഡോ. വന്ദനാ ദാസ് വധക്കേസ്: പ്രതിക്ക് കുറ്റപത്രം വായിച്ചുകൊടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സന്ദീപിന്‌ കുറ്റപത്രം വായിച്ചുകൊടുക്കുന്നത്‌ ഹൈക്കോടതി തടഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വന്ദനയുടെ മാതാപിതാക്കളായ കെ ജി മോഹന്‍ദാസും ടി വസന്തകുമാരിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

വന്ദനയുടെ മാതാപിതാക്കളെ നേരിട്ട്‌ കണ്ട്‌ പരാതി പരിഹരിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവിയോട്‌ സിംഗിള്‍ ബെഞ്ച്‌ നിര്‍ദേശിച്ചിരുന്നു. ഇത്‌ പ്രകാരം നാട്ടകം ഗസ്റ്റ് ഹൗസില്‍ രക്ഷിതാക്കളെ കണ്ട്‌ ഡിജിപി ചര്‍ച്ച നടത്തി. നിലവിലെ അന്വേഷണം സംബന്ധിച്ച തങ്ങളുടെ പരാതി പരിശോധിച്ചു വരികയാണെന്നും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ഇന്നലെ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ അറിയിച്ചു.

വിചാരണ കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഹര്‍ജി നീട്ടിക്കൊണ്ടുപോകാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ ഹര്‍ജിക്കാര്‍ക്ക്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനു വാദിച്ചു. കുറ്റപത്രം വായിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ്‌ ശ്രമിക്കുന്നതെന്നും അന്വേഷണം സിബിഐക്ക്‌ വിടാന്‍ എന്താണ്‌ തടസ്സമെന്നും അഭിഭാഷകന്‍ ചോദിച്ചു.

പോലീസ്‌ ആരെയാണ്‌ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും എന്താണ്‌ സര്‍ക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന്‌ കുറ്റപത്രം വായിക്കുന്നത്‌ ഹൈക്കോടതി തടഞ്ഞു. ഹര്‍ജി നവംബര്‍ ആറിലേക്ക്‌ മാറ്റിവെച്ച സിംഗിള്‍ ബെഞ്ച്‌ അതിന്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡിജിപിയോട്‌ ആവശ്യപ്പെട്ടു.

മെയ്‌ 10-ന്‌ രാത്രി വൈദ്യപരിശോധനയ്ക്കായി പോലീസ്‌ ആശുപത്രിയിലെത്തിച്ച സന്ദീപെന്ന പ്രതി ഡോ. വന്ദനയെ
കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസിന്‌ ഗുരുതര വീഴചയുണ്ടായെന്നും അന്വേഷണം
മന്ദഗതിയിലാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News