മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവയ്ക്കും; ജില്ലാ കളക്ടർ ഉറപ്പ് നൽകിയെന്ന് സിപിഎം; നിഷേധിച്ച് കളക്ടര്‍

ഇടുക്കി: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നത്‌ നിര്‍ത്തിവയ്ക്കുമെന്ന്‌ ആര്‍ക്കും ഉറപ്പ്‌ നല്‍കിയിട്ടില്ലെന്ന്‌ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്‌ പറഞ്ഞു. ഒഴിപ്പിക്കല്‍ പ്രക്രിയ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കുമെന്ന്‌ ജില്ലാ കളകറില്‍ നിന്ന് ഉറപ്പ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ സിപിഐഎം ജില്ലാ സെക്രട്ടറി വി വര്‍ഗീസ്‌ പറഞ്ഞതിന്‌ പിന്നാലെയാണ്‌ ഷീബ ജോര്‍ജിന്റെ പ്രതികരണം.

കോടതി നിരീക്ഷണത്തിലുള്ള കാര്യത്തില്‍ തനിക്ക്‌ ഉറപ്പ്‌ നല്‍കാന്‍ കഴിയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. കോടതി നിര്‍ദ്ദേശപ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ്‌ ഒഴിപ്പിക്കല്‍ നടപടിയെന്നാണ്‌ സി വി വര്‍ഗീസ്‌ പറഞ്ഞത്‌. ജില്ലാ കളക്ടറെ വിഷയം ബോധിപ്പിച്ച പ്രദേശത്ത്‌ മറ്റൊരിടത്തും ഒഴിപ്പിക്കല്‍ നടപടികളിലേക്ക്‌ കടക്കില്ലെന്ന്‌ കളക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് സി വി വര്‍ഗീസിന്റെ അവകാശവാദം.

ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഏലക്കൃഷി നടത്തിയതാണ്‌ ഒഴിപ്പിച്ചത്‌. ചിന്നക്കനാലില്‍ അഞ്ച്‌ ഏക്കര്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ചു. തഹസിൽദാറുടെ നേതൃത്വത്തില്‍ എത്തിയ സംഘം രാവിലെയാണ്‌ ഒഴിപ്പിക്കല്‍ നടപടിയാരംഭിച്ചത്.

നേരത്തെ മുന്‍ മന്ത്രി എം എം മണിയും കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. “വിഷയത്തില്‍ കൂടിയാലോചനകള്‍ക്ക്‌ ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്നാണ്‌ പാര്‍ട്ടിയുടെ നിലപാട്‌. മൂന്നാറിലേക്ക് കുടിയേറിയവരെ കൈറ്റക്കാരെന്ന്‌ വിളിക്കരുത്‌. മൂന്നാറില്‍ ന്യായമായ ഭൂമി കൈവശം വെച്ച്‌ കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുത്‌. കൈയ്യേറ്റം ഒഴിയാന്‍ നോട്ടീസ്‌ കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമാണെങ്കില്‍ കോടതിയില്‍ പോകണമായിരുന്നു. ഒഴിപ്പിക്കല്‍ സംഘം കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്‌ മുന്‌ റദ്ദാക്കിയ പട്ടയം കൊടുക്കാന്‍ തയ്യാറാകണം. അല്ലാതെയുള്ള നടപടികള്‍ ശുദ്ധ അസംബന്ധമാണ്‌,” മണി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News