ചെറിയാന്‍ കെ. ചെറിയാന്‍ – തൊണ്ണൂറ്റി രണ്ടിലെത്തിയ കാവ്യഗരിമ: കെ.കെ. ജോണ്‍സണ്‍

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനും, അമേരിക്കന്‍ മലയാളി സാഹിത്യകാരനുമായ ചെറിയാന്‍ കെ. ചെറിയാന്‌ ഒക്ടോബര്‍ 24-ന്‌ തൊണ്ണുറ്റിരണ്ട്‌ വയസ്സ്‌ തികയുന്നു. കുറച്ചെഴുതുകയും എഴുതിയവയൊക്കെ സ്വര്‍ണ്ണ മണികളാക്കി തീര്‍ക്കുകയും ചെയ്ത കവിയാണ്‌ ചെറിയാന്‍ കെ. ചെറിയാന്‍. സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, എം.എന്‍ പാലൂര്‍, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങിയ പ്രമുഖ മലയാളി കവികളുടെ സമകാലികനായി എഴുതി തുടങ്ങിയ ചെറിയാന്‍ കെ. ചെറിയാന്‍, അവര്‍ക്ക്‌ തുല്യസ്ഥാനം മലയാള സാഹിത്യ ചരിത്രത്തില്‍ നേടിയിട്ടുണ്ട്‌.

കെ.കെ. ജോണ്‍സണ്‍

പത്രപ്രവര്‍ത്തകനായി ഓദ്യോഗിക ജീവിതം ആരംഭിച്ച ചെറിയാന്‍ കെ. ചെറിയാനിലെ കവിക്ക്‌ ജീവന്‍ വയ്ക്കുന്നതും ചിറകുകള്‍ വിടര്‍ന്നതും ഡല്‍ഹി ജീവിതത്തോടെയാണ്‌. കേന്ദ്ര ഗവണ്‍മെന്റിന്റെ വാണിജ്യ വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ ജോലി ലഭിച്ച്‌ ഇന്ദ്രപ്രസ്ഥത്തിലെത്തിയ ചെറിയാന്‍, ഡല്‍ഹി കേരള ക്ലബിലെ ‘സാഹിതീ സഖ്യം’ എന്ന പ്രസിദ്ധമായ സാംസ്‌കാരിക കൂട്ടായ്മയില്‍ ‘ശകുന്തളയുടെ മാന്‍പേട’ എന്ന കവിത അവതരിപ്പിച്ചുകൊണ്ടാണ് തന്റെ കാവ്യസപര്യ ആരംഭിക്കുന്നത്‌. മലയാള സാഹിത്യത്തിലെ നക്ഷത്രങ്ങളായ എം.പി നാരായണ പിള്ള, ഒ.വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, സുഗതകുമാരിയുടെ ഭര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനും സാഹിത്യകാരനുമായ ഡോ. കെ. വേലായുധന്‍ നായര്‍, ഓംചേരി തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട്‌ സമ്പന്നമായ സാഹിതീ സഖ്യം ചെറിയാന്‍ കെ. ചെറിയാന്റെ കവിത കളരിയായി മാറി. എന്‍.വി കൃഷ്ണവാര്യര്‍ മാത്യഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരായിരുന്ന കാലത്ത്‌, മാസത്തില്‍ ചെറിയാന്റെ ഒരു കവിതയെങ്കിലുമില്ലാതെ മാതൃഭൂമി വാരിക പുറത്തിറങ്ങിയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതകളൊക്കെ ഡല്‍ഹി വാസക്കാലത്ത്‌
എഴുതിയവയാണ്‌.

എഴുതിയവയൊക്കെയും എണ്ണപ്പെട്ടതാക്കി തീര്‍ത്ത കവിയാണ്‌ ചെറിയാന്‍ കെ. ചെറിയാന്‍. ഭസ്മാസുരന്‍, പാലാഴിമഥനം, പള്ളിമുറ്റത്ത്‌, കണ്ണാടി ജനല്‍, പാര്‍ത്ഥസാരഥി മുതലായ കവിതകള്‍ ഉദാഹരണങ്ങള്‍. സംഹാരശക്തിയാര്‍ജ്ജിച്ച്‌ ശിവന്‌ തുല്യനായിത്തീര്‍ന്ന മനുഷ്യന്‍ തന്നെയാണ്‌ ഭസ്മാസുരന്‍. മനുഷ്യന്റെ വിശ്വവിജയത്തിനുള്ള അത്ഭുതാവഹവും അതേസമയം, ഭീഷണവുമായ വിമകള്‍ ഒരുമിച്ചാവിഷ്കരിക്കുന്ന ഒരു കൃതിയാണിത്‌. ആ പൗരാണിക കഥാപാത്രം ഈ കൃതിയില്‍ അഹങ്കാരത്തിന്റേയും മൂഢതയുടേയും പ്രതീകം മാത്രമായിട്ടല്ല ഉപയുക്തമായിരിക്കുന്നത്‌. പള്ളിമുറ്റത്ത്‌ എന്ന കവിതയിലെ പള്ളി വിശാലാര്‍ത്ഥത്തില്‍ ഇന്നത്തെ ലോകവും, നമ്മുടെ നാടുമാണ്‌. ചാട്ടവാര്‍ ചുഴറ്റിയണയുന്ന ഒരു സംഹാരശക്തിയില്ലാതെ ഇനി ഈ പള്ളിമുറ്റം ശുദ്ധീകരിക്കാന്‍ സാദ്ധ്യമാവുകയില്ലെന്ന അവബോധം ആവിഷ്കരിക്കുന്നതിന്‌ ക്രിസ്തുവിനെപ്പോലെ ഇണങ്ങുന്ന ഒരു പ്രതിരൂപം കിട്ടാനില്ല. രണ്ടാം വരവിനെക്കുറിച്ചുള്ള സങ്കല്പം സംഹാര ശക്തിയോടുകൂടിയതായി തീരാതെ തരമില്ലെന്ന സത്യമാണ് ഈ കവിതയുടെ ധ്വനി. പീഡനത്തിന്‌ വിധേയരാവുക പാപികള്‍ മാത്രമല്ല എന്നത്‌ ആ സത്യത്തിന്റെ മറ്റൊരു മുഖം. പാപം ചെയ്യാത്തവരും പീഡനം അനുഭവിക്കാന്‍ സന്നദ്ധരാകേണ്ടുന്ന അവസ്ഥയിലേക്ക്‌ നാം എത്തിയിരിക്കുന്ന എന്ന അവബോധം ഈ കവിത തീവ്രശക്തിയോടെ നമ്മുടെ ചിന്തിയിലേക്കെറിയുന്നു. അര്‍ജുന വിഷാദത്തിലേക്ക് നിപതിച്ച ജനതയ്ക്ക്‌ പുതിയൊരു പാർത്ഥസാരഥിയെക്കുറിച്ചും യുവതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാകുന്ന രണ്ടാം അഭിമന്യു ജനനത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ നശിക്കരുതെന്ന അഭിലാഷമാണ്‌ ‘പാർത്ഥസാരഥി’യെന്ന കവിതയായി വിരിഞ്ഞത്‌.

‘കണ്ണാടി ജനലെന്ന’ കവിതയിലെ കുസൃതിക്കുട്ടികള്‍ യുക്തിബോധവും, ശാസ്ത്രജ്ഞാനവും ആര്‍ജ്ജിച്ച്‌ പഴയ വിശ്വാസങ്ങളുടെ ജന്നല്‍ ചില്ലുകള്‍ കല്ലെറിഞ്ഞുടയ്ക്കുന്ന മനുഷ്യരും അതിലെ കാരണവര്‍ ഹൃദയാകാശത്തിനു അലസമായി ഉറങ്ങിക്കിടക്കുന്ന സാക്ഷാല്‍ പിതാവുമാണ്‌. കുട്ടികള്‍ കണ്ണാടി ജന്നല്‍ തകര്‍ക്കുന്നതിനോട്‌ പിതാവ് രാജിയാകും. വസുന്ധരയുടെ മൂത്ത മകനായ താന്‍ അവളുടെ കുഞ്ഞുങ്ങള്‍ കാറ്റും വെളിച്ചവും തനിക്ക്‌ നല്‍കുമ്പോള്‍ അവരെ ശിക്ഷിക്കുകയല്ല, സ്നേഹിക്കുകയാണ്‌ വേണ്ടതെന്ന അവബോധം ഉണരും. ഇതാണ്‌ ഈ കവിതയുടെ ഹൃദയം. ‘കുശനും ലവനും കുചേലനും’, ‘പവിഴപ്പുറ്റ്‌’, ‘ഐരാവതം’, ‘ഭ്രാന്തനും ഭസ്മാസുരനും’ തുടങ്ങി സമാഹാരങ്ങള്‍ 1984-നും 86-നും ഇടയില്‍ പ്രസിദ്ധം ചെയ്തവയാണ്‌. ‘പഴിവപ്പുറ്റ്‌’ ധ്വന്യാത്മകമായ ഗദ്യ കവിതകളുടേയും വൃത്തബദ്ധമായ ചെറു കവിതകളുടേയും സമാഹാരമാണ്‌. അന്യാപദേശ കഥകള്‍ പോലെയുള്ള ശില്‍പഘടനയും തത്ത്വദര്‍ശനവും അര്‍ത്ഥ ധ്വനിയും ഇവയില്‍ ഇണങ്ങിയിരിക്കുന്നു. ‘ഐരാവതത്തിലും’ ഈ ശൈലി തുടരുന്നു. 33 കവിതകളും നീണ്ടു മുഖവുരയുമടങ്ങിയതാണ്‌ ‘ഭ്രാന്തനും ഭസ്മാസുരനും’ എന്ന കൃതി. ധൈഷണികമായ വ്യായാമം ആവശ്യപ്പെടുന്നവയാണ്‌ ചെറിയാന്‍ കെ. ചെറിയാന്റെ ഒട്ടുമിക്ക കവിതകളും. ആധുനിക യുഗത്തില്‍ കവിതയ്ക്ക്‌ വന്നു ചേര്‍ന്നിട്ടുള്ള പരിണാമമാണിത്‌.

1973-ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിയ കവി തുടര്‍ന്നുള്ള ആറ്‌ വര്‍ഷങ്ങള്‍ എഴുത്തിന്റെ കാര്യത്തില്‍ തികഞ്ഞ മൗനത്തിലായിരുന്നു. അക്കാലത്ത്‌ മലയാള സാഹിത്യ സദസ്സുകളില്‍, അമേരിക്കയില്‍ കുടിയേറിയതോടെ ചെറിയാന്‍ കെ. ചെറിയാനിലെ കവി അകാലമൃത്യുവടഞ്ഞു എന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, 1979 മുതല്‍ അദ്ദേഹം വീണ്ടും എഴുത്തില്‍ സജീവമായി. കവിതകള്‍ കൂടാതെ, ‘പ്രേമിക്കുക എന്ന അവകാശം’, ‘ഊമ’, ‘ഗമനസന്നാഹം’ എന്നീ ചെറുകഥാ സമാഹാരങ്ങളും ഹൈക്കു രൂപത്തിലുള്ള ചെറു കവിതകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചത്‌ ഈ രണ്ടാം വരവിലാണ്‌.

ഏറെ വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചു. ഒരുപക്ഷെ കേരളത്തില്‍ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ ഇതില്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കുമായിരുന്നില്ലേയെന്ന്‌ കവിയോട്‌ ചോദിച്ചാല്‍, പെരുമയും പ്രശസ്തിയുമെല്ലാം കാലികമായി വന്നുചേരുന്ന തിളക്കങ്ങളാണെന്നും, അനന്തമായ കാലത്തില്‍ എല്ലാം വിസ്മയമായി തീരുമെന്ന ദാര്‍ശനികമായ മറുപടിയാണ്‌ ലഭിക്കുക. നിത്യതയെക്കുറിച്ചുള്ള വലിയ ബോധം ഈ കവിയ്ക്കുണ്ട്‌. എന്നാല്‍, അത് നാഴികമണിയിലെ സൂചികള്‍ക്കൊപ്പം നീങ്ങുന്ന യാന്ത്രികമായ കാലമല്ല.

“ഉറുമ്പരിക്കുന്ന നാഴികമണിയില്‍
ഒടിഞ്ഞുമടങ്ങിക്കിടപ്പു കാലം”

എന്ന്‌ പാടാന്‍ കഴിയുന്നത്‌ അതിനാലാണ്‌. പാലാഴിമഥനം എന്ന കവിതയില്‍ നിത്യത, യുഗങ്ങള്‍ എന്നീ പദങ്ങള്‍ ആവര്‍ത്തിക്കുന്നു. ‘എന്റെ മുന്നില്‍ നിത്യത പരിലസിച്ചു’ എന്ന്‌ സ്വപ്നാടത്തില്‍ എഴുതുന്നു. എത്രയെത്ര യുഗങ്ങള്‍ കടന്നു ഞാന്‍’ എന്ന്‌ ഭസ്മാസുരത്തില്‍ പാടുന്നു. ഭാരതീയ പുരാണങ്ങള്‍ തുറന്നിട്ട കാലത്തിന്റെ മഹാവിസ്മൃതി തിരിച്ചറിഞ്ഞ കവിയാണദ്ദേഹം. നാഴികമണി ഒടിഞ്ഞുമടങ്ങി കിടക്കുന്ന ഈ ചത്ത കാലത്തില്‍ ആധുനിക ജീവിതത്തിന്റെ ഉപമാനങ്ങള്‍ അദ്ദേഹം കണ്ടെത്തുന്നു.

അക്കാദമിക തലത്തിലും ഹൈസ്കൂള്‍ ക്ലാസുകളിലും അദ്ദേഹത്തിന്റെ കവിതകള്‍ എന്നും പാഠ്യഭാഗങ്ങളാണ്‌. സാഹിത്യ സംവാദങ്ങളിലും പഠനങ്ങളിലും മലയാള കവിതകളിലെ ഉത്തരാധുനികതയുടെ വക്താക്കളിലൊരാളായി ചെറിയാന്‍ കെ. ചെറിയാന്റെ നാമവും സജീവമാണ്‌. ന്യൂയോര്‍ക്കിലെ കേരളാ സെന്ററിന്റെ ആദ്യകാലത്ത്‌ ‘സാഹിതീ സംഘം’ എന്ന ഭാഷാസ്‌നേഹികളുടെ കൂട്ടായ്മ രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പില്‍ക്കാലത്ത് അത്‌ സര്‍ഗ്ഗവേദിയായി മാറി. ഭാഷയേയും സാഹിത്യത്തേയും സ്‌നേഹിക്കുന്ന ആരോടും അമേരിക്കയിലെ മലയാള കവി ആരെന്നു ചോദിച്ചാല്‍ ചെറിയാന്‍ കെ. ചെറിയാന്‍ എന്ന ഒറ്റ ഉത്തരമേ ലഭിക്കുകയുള്ളൂ.

ഫ്ളോറിഡയിലെ ഭവനത്തില്‍ ജീവിത സായാഹ്നം ചിലവഴിക്കുന്ന ശ്രീ ചെറിയാന്‍ കെ. ചെറിയാന്‌ ജന്മദിന ആശംസകള്‍ നേരുന്നു.

അവലംബം:
1). ഡോ. എം. ലീലാവതി- മലയാള കവിതാ സാഹിത്യ ചരിത്രം
2). കെ.പി. അപ്പന്‍- സമയബോധത്തിന്റെ സാഹസിക യാത്രകള്‍.

Print Friendly, PDF & Email

Leave a Comment