35 വർഷങ്ങള്‍ക്കു ശേഷം കാശ്മീർ താഴ്‌വരയിൽ ‘ജയ് ശ്രീറാം’ വിളി മുഴങ്ങി; ആരവങ്ങളോടെ ശോഭാ യാത്ര നടത്തി

ജമ്മു: 35 വര്‍ഷങ്ങള്‍ക്കു ശേഷം കശ്മീർ താഴ്‌വരയിൽ ചൊവ്വാഴ്ച ‘ജയ് ശ്രീറാം’ വിളി വീണ്ടും മുഴങ്ങി. ഇന്ദിരാ നഗറിലെ ശിവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ദസറ ഘോഷയാത്രയില്‍ ഏകദേശം അഞ്ഞൂറോളം പേർ പങ്കെടുത്തു. ഘോഷയാത്ര ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തി അവിടെ രാവണ ദഹനവും നടന്നു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ഉപദേഷ്ടാവ് രാജീവ് റായ് ഭട്നാഗർ ചടങ്ങിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയും ഈ ചരിത്ര നിമിഷത്തിന് സാക്ഷിയായി.

എല്ലാ മതസ്ഥരും ദസറ ആഘോഷത്തിൽ പങ്കെടുത്തതായി ദസറ ആഘോഷത്തിന്റെ സംഘാടകൻ സഞ്ജയ് ടിക്കു പറഞ്ഞു. നിരവധി കൊച്ചു കുട്ടികളും ആവേശത്തോടെ ഘോഷയാത്രയിൽ പങ്കെടുത്തതായും ശ്രീരാമനെ സ്തുതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 2007 മുതൽ 2017 വരെ തുടർച്ചയായി ദസറ സംഘടിപ്പിക്കുന്നുണ്ടെന്നും 35 വർഷത്തിന് ശേഷമാണ് ശോഭ യാത്ര വീണ്ടും ആരംഭിച്ചതെന്നും സഞ്ജയ് ടിക്കു പറഞ്ഞു. ഈ വർഷം ദസറയിൽ രാവണന്റെ പ്രതിമ 40 അടി ഉയരത്തിലും മറ്റ് രണ്ട് പ്രതിമകൾ 30 അടി ഉയരത്തിലുമാണ് നിർമ്മിച്ചത്. സൂര്യാസ്തമയത്തിനുശേഷം ഇവ കത്തിക്കുകയും ചെയ്തു.

2007 മുതൽ കശ്മീരി പണ്ഡിറ്റുകൾ ദസറ ആഘോഷിച്ചുവരുന്നു. മാത്രമല്ല, താഴ്‌വരയിലെ തീവ്രവാദം കാരണം വർഷങ്ങളോളം ദസറ ആഘോഷം നടന്നിട്ടില്ലെന്ന് സഞ്ജയ് ടിക്കു പറഞ്ഞു. ചൊവ്വാഴ്ച ആഘോഷിച്ച ദസറ ഉത്സവം കാണാൻ ഹിന്ദു, സിഖ്, മുസ്ലീം സമുദായങ്ങളിൽ നിന്നുള്ള അനേകം പേര്‍ എത്തിയിരുന്നു. പ്രത്യേകിച്ച് രാവണദഹനം കാണാനുള്ള കൗതുകമായിരുന്നു അവര്‍ക്ക്.

Print Friendly, PDF & Email

Leave a Comment

More News