‘ദൈവത്വത്തിന് നടുവിൽ ദാരിദ്ര്യം’: അയോദ്ധ്യയില്‍ ദീപാവലി ആഘോഷച്ചടങ്ങുകള്‍ക്കു ശേഷം മൺവിളക്കിൽ നിന്ന് എണ്ണ ഊറ്റിയെടുക്കുന്ന കുട്ടികളുടെ വീഡിയോ അഖിലേഷ് യാദവ് പങ്കുവെച്ചു

അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ സരയൂ നദിയുടെ തീരത്ത് 22 ലക്ഷം ‘ദിയകൾ’ (മണ്‍‌വിളക്ക്) കത്തിച്ചുവെച്ച് പ്രദേശത്ത് പ്രകാശം പരത്തിയെങ്കിലും, ഒരു ദിവസത്തിന് ശേഷം ചില കുട്ടികൾ ഒരു ഘട്ടിലെ വിളക്കുകളില്‍ നിന്ന് എണ്ണ ഊറ്റിയെടുത്ത്  പാത്രങ്ങളിൽ നിറയ്ക്കുന്ന വീഡിയോ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഞായറാഴ്ച X-ല്‍ പങ്കു വെച്ചു.

“ദൈവത്വത്തിൻ്റെ നടുവിൽ ദാരിദ്ര്യം… വിളക്കിൽ നിന്ന് എണ്ണ എടുക്കാൻ ദാരിദ്ര്യം ഒരാളെ നിർബന്ധിക്കുന്നിടത്ത് ആഘോഷത്തിന്റെ വെളിച്ചം മങ്ങുന്നു. ഘാട്ടുകൾ മാത്രമല്ല, പാവപ്പെട്ടവന്റെ ഓരോ വീടും പ്രകാശപൂരിതമാകുന്ന ഒരു ഉത്സവം കൂടി ഉണ്ടാകണം എന്നത് മാത്രമാണ് ഞങ്ങളുടെ ആഗ്രഹം,” വീഡിയോയ്ക്ക് അദ്ദേഹം അടിക്കുറിപ്പ് നല്‍കി.

ദീപങ്ങൾ കൊളുത്തുന്നതിൽ അയോദ്ധ്യ സ്വന്തം റെക്കോർഡ് തകർത്തു. 22.23 ലക്ഷത്തിലധികം മൺവിളക്കുകളാണ് അയ്ദ്ധ്യയിലെ സരയൂ നദീതീരത്ത് ഇത്തവണ കത്തിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.47 ലക്ഷം കൂടുതലാണിത്. 25,000 സന്നദ്ധപ്രവർത്തകരാണ് നദീതീരത്തുള്ള രാം കി പൈഡിയിലെ 51 ഘാട്ടുകളിൽ ദീപങ്ങള്‍ കത്തിച്ചത്.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പ്രതിനിധികൾ ഡ്രോണുകൾ ഉപയോഗിച്ച് വിളക്കുകൾ എണ്ണി ലോക റെക്കോർഡായി രേഖപ്പെടുത്തിയതിന് പിന്നാലെ അയോദ്ധ്യ ‘ജയ് ശ്രീറാം’ വിളികളാൽ അലയടിച്ചു.

ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി X-ല്‍ പൊതുജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു.

“ദീപവലിയോടനുബന്ധിച്ച് ഭയ്യാ ദൂജിന്റെ വേളയിൽ രാജ്യത്തും ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ, സന്തോഷകരവും സമൃദ്ധവുമായ ജീവിതത്തിനായി എല്ലാവർക്കും ആശംസകൾ,” അവർ ഹിന്ദിയില്‍ എഴുതി.

 

Print Friendly, PDF & Email

Leave a Comment

More News