തന്റെ പേരില്‍ സിപി‌എം പ്രചരിപ്പിച്ച ‘വ്യാജ’ വാര്‍ത്തയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി മറിയക്കുട്ടി എന്ന വയോധിക

ഇടുക്കി: അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ യാജകയായി രംഗത്തിറങ്ങി പ്രതിഷേധിച്ച വൃദ്ധയ്‌ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. അടിമാലി മന്നാംകണ്ടം വില്ലേജില്‍ മറിയക്കുട്ടിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതോടെയാണ് സിപി‌എം വെട്ടിലായത്. മേരിക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ട് വീടും വിദേശത്ത് ജോലി ചെയ്യുന്ന മക്കളുമുണ്ടെന്നാണ് സിപി‌എം പ്രചരിപ്പിച്ചത്.

സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയത്. ദേശാഭിമാനി പറയുന്ന തന്റെ ഉടമസ്ഥതയിലുള്ള ഭൂമി എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. താൻ വില്ലേജ് ഓഫീസില്‍ പോയി അന്വേഷിച്ചു. അവര്‍ക്കും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസർ ബിജു വ്യക്തമാക്കി.

മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്‌സർലണ്ടിലാണെന്ന ദേശാഭിമാനി വാർത്ത വ്യാജമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുകയാണ് പ്രിൻസി.

കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് 85 പിന്നിട്ട മറിയക്കുട്ടിയും അന്നയും തെരുവിലിറങ്ങിയത്. മറിയക്കുട്ടിക്ക് വിധവാ പെൻഷനും അന്നക്ക് ഈറ്റ തൊഴിലാളി ക്ഷേമ പെൻഷനുമാണ് മുടങ്ങിയത്. ഈ രണ്ട് പെൻഷനുകളായിരുന്നു ഇവരുടെ ഉപജീവന മാർഗം.

Print Friendly, PDF & Email

Leave a Comment

More News