ഉപാധിരഹിത ഭൂവിനിയോഗ സ്വാതന്ത്ര്യം കർഷകരുടെ അവകാശം: ജോസ് കെ മാണി

കേരള കോൺഗ്രസ്(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഭൂവവകാശ കർഷക സംഗമം’ പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഉടമസ്ഥാവകാശമുള്ള കർഷക ഭൂമിയിൽ പരിസ്ഥിതി സൗഹൃദപരമായ ഭൂവിനിയോഗ സ്വാതന്ത്ര്യം കർഷകരുടെ അവകാശമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

മറ്റേതൊരു ഇന്ത്യൻ പൗരനെ പോലെയും ഇഷ്ടമുള്ള തൊഴിലെടുത്ത് ജീവിക്കാനുള്ള ഭരണഘടനപരമായ അവകാശം കൃഷിക്കാർക്കുമുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം കൃഷിഭൂമിയും വനസമാനമാണെന്ന് കേന്ദ്രവനം സര്‍വ്വേ വ്യക്തമാക്കിയ സാഹചര്യത്തിലും 2023ലെ വന സംരക്ഷണ നിയമം ഭേദഗതിയുടെ അടിസ്ഥാനത്തിലും 1960 ന് ശേഷം ഏറ്റെടുത്ത മുഴുവന്‍ കൃഷിഭൂമിയും ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യണം. കണ്ണന്‍ ദേവന്‍ ഹില്‍സ് (റിസംഷന്‍ ഓഫ് ഹില്‍സ്) 1971 നിയമവും 1971ലെ തന്നെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആക്ടും ഏറ്റെടുക്കുന്ന മുഴുവന്‍ കൃഷിഭൂമിയും കര്‍ഷകര്‍ക്കും ദൂരഹിതര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യാനാണെന്ന് നിയമം തന്നെ വ്യക്തമാക്കിയിരുന്നു.

കൃഷി അനുബന്ധ വ്യവസായ വാണിജ്യ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അഗ്രികള്‍ച്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും കാര്‍ഷിക ഭൂമി ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ക്ക് കഴിയണം.ഇതര രാജ്യങ്ങളിലെ കര്‍ഷകര്‍ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക അനുബന്ധ മേഖലയിലെ പ്രവര്‍ത്തനത്തിലൂടെയും സംരംഭങ്ങളാരംഭിച്ചും സാമ്പത്തികാഭിവൃദ്ധി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായി ഉടമസ്ഥാവകാശമുള്ള സ്വന്തം ഭൂമിയുടെ ഭൂവിനിയോഗം പരിമിതപ്പെടുത്തിക്കൊണ്ട് നിയമങ്ങള്‍ നിലനില്‍ക്കുന്നത് കാരണം നമ്മുടെ കൃഷിക്കാര്‍ക്ക് ഇത്തരം നേട്ടങ്ങളിലേക്ക് കുതിക്കുവാന്‍ കഴിയുന്നില്ല.

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ കര്‍ഷകരുടെ ഭാഗത്തുനിന്നു മുണ്ടായിട്ടുള്ളൂ. കേരളത്തിലെ ഭൂമി ഉടമസ്ഥാവകാശ വിഷയങ്ങളെ പരിസ്ഥിതിയുമായി കൂട്ടിച്ചേർത്ത് കർഷകർ പരിസ്ഥിതി നശിപ്പിക്കുന്നവരാണെന്ന തെറ്റായ ധാരണ നിരന്തരമായി ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറ്റേതൊരു സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം സംസ്ഥാനത്തെ വനവിസ്തൃതി വര്‍ദ്ധിച്ചതും 54% വനാവരണം കേരളത്തിലുണ്ടായതും കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തിയതിന്റെ ഫലമായിട്ടാണ്.

പശ്ചിമഘട്ട താഴ്‌വരകളിലെ ജനവാസ മേഖലകളിലെ കുടിയേറ്റ കര്‍ഷകരുടെ നിയമപരമായ ഉടമസ്ഥാവകാശമുള്ള ഭൂമിയുടെ ഭൂവിനിയോഗത്തില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. പരിസ്ഥിതിക്ക് ദോഷകരമാകാത്ത ഭൂമി വിനിയോഗിക്കുവാന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും സാധിക്കണം. ഇക്കാര്യത്തില്‍ വലിയ വിവേചനമാണ് കര്‍ഷകര്‍ നേരിടുന്നത്. ഇത് പരിഹരിക്കുവാന്‍ ഭൂവിനിയോഗം സംബന്ധിച്ചുള്ള നിലവിലെ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം. കൃഷിക്കായി നല്‍കിയ ഭൂമി സാങ്കേതിക കാരണങ്ങളില്‍ ചൂണ്ടിക്കാട്ടി കര്‍ഷകരെ ഇരുട്ടില്‍ നിര്‍ത്തി ഏറ്റെടുത്ത കൃഷി ഭൂമികളത്രയും കര്‍ഷകര്‍ക്ക് തിരികെ നല്‍കണം. ഉപാധിരഹിത സര്‍വ്വ സ്വതന്ത്ര ഭൂമി കര്‍ഷകരുടെ അവകാശമാണെന്നും ജോസ് കെ.മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘ഭൂവവകാശ കർഷക സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സഹായദാസിന്റെ അദ്ധ്യക്ഷതയിൽ പാർട്ടി പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സ്റ്റീഫൻ ജോർജ്, എം എൽ എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, പാർട്ടി ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ, ഹൈ പവർ കമ്മിറ്റി അംഗങ്ങളായ ജേക്കബ് തോമസ് അരികുപുറം, മാത്യു കുന്നപ്പള്ളി, ജില്ലാ സെക്രട്ടറി സി.ആർ. സുനു എന്നിവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Leave a Comment

More News