റെയിൽവെ: മലപ്പുറം ജില്ലയുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി

റെയിൽവെ യാത്രയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറ റെയിൽവെ ഡിവിഷണൽ ഓഫീസ് എഡിആർഎം അനിൽ കുമാറിന് നിവേദനം സമർപ്പിക്കുന്നു

മലപ്പുറം: റെയിൽവേ യാത്രയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ യാത്രക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളുന്നയിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയിൽവെ ഡിവിഷണൽ ഓഫീസ് (പാലക്കാട്) എഡിആർഎം അനിൽ കുമാറിന് നിവേദനം നൽകി.

കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായിട്ടും ജില്ലയിലെ ജനങ്ങൾക്ക് റെയിൽവെ യാത്രാ സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും കോവിഡാനന്തരം ആ സൗകര്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും നിവേദനത്തിൽ പറയുന്നു.

ഈയിടെ റദ്ദാക്കിയ, നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന, തൃശ്ശൂർ-കോഴിക്കോട് 06495 ട്രെയിനും കോഴിക്കോട്-ഷോർണൂർ 06496 ട്രെയിനും പുനഃസ്ഥാപിക്കുക, നിരവധി ഉദ്യോഗസ്ഥരും വിദ്യാർഥികളും ആശ്രയിച്ചിരുന്ന 16608, 06455 ട്രെയിനുകൾ ഭൂരിഭാഗം യാത്രക്കാർക്കും ഉപകാരപ്പെടാത്ത സമയത്തേക്ക് മാറ്റിയത് പഴയ സമയത്തേക്ക് പുനസ്ഥാപിക്കുക, യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ദീർഘദൂര വണ്ടികളിൽ രണ്ട് ജനറൽ കോച്ചുകളെങ്കിലും വർധിപ്പിക്കുക, ഹ്രസ്വദൂര യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ഷൊർണൂർ-കണ്ണൂർ റൂട്ടിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക, ക്യാൻസർ രോഗികൾ അടക്കമുള്ള രോഗികൾ കൂടുതലായി ആശ്രയിക്കുന്ന, നിലമ്പൂരിൽനിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന രാജ്യറാണി എക്‌സ്പ്രസ്സ് തിരുവനന്തപുരം സെൻറർ വരെയെങ്കിലും നീട്ടുക, മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന വന്ദേഭാരത് അടക്കമുള്ള മുഴുവൻ ട്രെയിനുകൾക്കും ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.

ജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറയാണ് നിവേദനം സമർപ്പിച്ചത്. കൂടെ ജില്ലാ ട്രഷറർ മുനീബ് കാരകുന്ന്, ജില്ലാ കമ്മിറ്റിയംഗം അതീഖ് ശാന്തപുരം എന്നിവരും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News