മുസ്‌ലിം സമൂഹത്തിനെതിരായ വംശീയ പ്രചാരണങ്ങൾ തടയാൻ ഇസ്‌ലാമോഫോബിയ വിരുദ്ധ നിയമം നിർമിക്കണം: റസാഖ് പാലേരി

വെൽഫെയർ പാർട്ടി വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ജനകീയ സംഗമം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള പൊതുബോധത്തിലെ വംശീയ മുൻവിധിയുടെ ആഴത്തിലുള്ള സ്വാധീനം തെളിയിക്കുന്നതാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ നടന്ന സ്ഫോടനത്തിന്റെ തൊട്ടടുത്ത സമയങ്ങളിൽ കേരളത്തിലെ ചില മാധ്യമങ്ങളും പ്രധാന വ്യക്തികളും സാമൂഹ്യ മാധ്യമങ്ങളും നടത്തിയ പ്രതികരണങ്ങളെന്നും മുസ്‌ലിം സമൂഹത്തിനെതിരായ വംശീയ പ്രചാരണങ്ങൾ തടയാൻ ഇസ്‌ലാമോഫോബിയ വിരുദ്ധ നിയമം നിർമിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. കളമശ്ശേരി സ്ഫോടനം വെളിപ്പെടുത്തിയ വംശീയ മുൻവിധികൾ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കൊച്ചി വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരവും സംഘബലവും ഉപയോഗിച്ച് വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകാൻ ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രധാന നേതാക്കൾ തന്നെ തമ്പടിച്ച് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംഘ്പരിവാർ വാദങ്ങൾക്ക് ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് സംഘപരിവാർ രൂപംകൊടുത്ത കാസ എന്ന തീവ്ര സംഘടന കേരളത്തിൽ കഴിഞ്ഞ കുറെ നാളുകളായി സാമുദായിക സംഘർഷം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുകയാണ്. ഇവരുടെ പ്രചാരണങ്ങളാണ് മാർട്ടിനെ പോലെയുള്ള തീവ്ര വലതുപക്ഷ ദേശീയവാദിക്ക് രൂപം നൽകിയത്. ഈ പശ്ചാത്തലത്തിൽ വിഷ പ്രചാരകരായ കാസ ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാകണം. എന്നാൽ ഈ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ പോലീസിന് കഴിയാത്തത് വിദ്വേഷ പ്രചാരകർക്ക് കൂടുതൽ അവസരം ഒരുക്കുന്നുണ്ട്.

സ്ഫോടനമുണ്ടായ ഉടനെ തന്നെ പാനായിക്കുളം കേസിൽ സുപ്രീംകോടതി വെറുതെ വിട്ട രണ്ടു മുസ്ലിം ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്ത കേരള പോലീസിന്റെ നടപടി വംശീയ മുൻവിധിയുള്ളതാണ്. ഇതിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫാദർ പോൾ തേലക്കാട്ട്, പ്രൊഫ. കെ. അരവിന്ദാക്ഷൻ, ആനന്ദ് കൊച്ചുകുടി, ഫെലിക്‌സ് ജെ പുല്ലൂടൻ, പി എ പ്രേം ബാബു, സുദേഷ് എം രഘു, ജ്യോതിവാസ് പറവൂർ, ഡോ. അൻസാർ അബൂബക്കർ, സദക്കത്ത് കെ എച്ച്, അസൂറ ടീച്ചർ, ഷംസുദ്ദീൻ എടയാർ, സദീഖ് കെ.എ., ആബിദ വൈപ്പിൻ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News