ബഹുജന പങ്കാളിത്തവും ജനാധിപത്യവും പൗരബോധവും സമന്വയിപ്പിച്ച വിജയമാണ് നവകേരള സദസ്: മുഖ്യമന്ത്രി

കാസർകോട്: നവകേരള സദസ്സിന്റെ രണ്ടാം ദിനത്തിലെ ജനപങ്കാളിത്തം ജനാധിപത്യ വിശ്വാസവും പൗരബോധവും മുറുകെ പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസർഗോഡ് ചെങ്കള മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാക്കുമ്പോൾ ഒരു മഹാ ജനമുന്നേറ്റ സദസ്സായി യാത്ര ഉയർന്നു എന്ന് സംശയമില്ലാതെ പറയാം. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കി ഇതിനോടൊപ്പം ചേരുകയാണ്.

പൈവെളിഗെയിൽ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കിൽ, ഞായറാഴ്ചത്തെ പര്യടനത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സർക്കാർ പറയുന്നത് കേൾക്കാനും നാടിന്റെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂർവ്വം വന്നു ചേർന്ന കാസർകോഡ് ജില്ലയിലെ ജനാവലി കേരളത്തിന്റെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെ മാതൃകയായി വർത്തിച്ചു. നാടിന്റെ പുരോഗതിയ്ക്കായി കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളിൽ നിവേദനങ്ങൾ നൽകാനുള്ള സംവിധാനം ഒരുക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി 14,232 നിവേദനങ്ങളാണ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്തു 1908ഉം കാസർഗോഡ് 3451ഉം ഉദുമയിൽ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂർ 2300ഉം ആണ് ലഭിച്ചത്.

നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപ് തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. നിവേദനം സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. രണ്ടു ദിവസത്തെ അനുഭവം മുൻ നിർത്തി തിങ്കളാഴ്ച മുതൽ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി ഈ സാമ്പത്തികവർഷം 71,861 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 1,41,257 വീടുകളാണ് നിർമ്മാണത്തിനായി കരാർ വച്ചത്. ഇതിൽ 15,518 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ലൈഫ് മിഷൻ തകർന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിർമ്മാണം നടക്കുകയാണെന്ന യാഥാർത്ഥ്യം.

എല്ലാവരും സുരക്ഷിതമായ പാർപ്പിടത്തിൽ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷൻറെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണ്.കഴിഞ്ഞ ദിവസം ഒരു മാധ്യമം ചില പിശകുകളോടെ ഭവന നിർമ്മാണ പദ്ധതി സംബന്ധിച്ച് ഒരു വാർത്ത നൽകിയത് കണ്ടു. കേന്ദ്ര സർക്കാർ വിഹിതം നൽകാത്തതിനാൽ പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതി മുടങ്ങി എന്നാണ് വാർത്ത. പി.എം.എ.വൈ ഗ്രാമീൺ പദ്ധതിയിൽ 2020-21നു ശേഷം കേന്ദ്രം ടാർഗറ്റ് നിശ്ചയിച്ചു നൽകിയിട്ടില്ലാത്തതിനാൽ മൂന്ന് വർഷമായി ആ പട്ടികയിൽ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാൻ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ല.

കേരളത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതിൽ 36,703 വീടുകൾക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതിൽ 31,171ഉം പൂർത്തിയായിട്ടുണ്ട്. ഓരോ വർഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകൾ അനുവദിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണം ചെയ്യാൻ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ വീടുകൾ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത.

വീടൊന്നിന് 72,000 രൂപയാണ് ഗ്രാമീണ പദ്ധതിക്കായി കേന്ദ്രസർക്കാർ നൽകുന്നത്. ഇത് 4,00,000 രൂപയാക്കി കേരളം വിതരണം ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. ആ വാർത്തയിൽ പറഞ്ഞത് 2,10,000 രൂപ കേന്ദ്ര വിഹിതം എന്നാണ്. പി.എം.എ.വൈ ഗ്രാമീണിൽ 260.44 കോടി കേരളത്തിന് ലഭിക്കേണ്ടതിൽ 187.5 കോടിയാണ് കിട്ടിയത്. ഇതിൽ 157.58 കോടി ചിലവാക്കിയിട്ടുണ്ട്. നിലവിൽ അനുവദിക്കപ്പെട്ട വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതിനനുസരിച്ച് ബാക്കി തുകയും വിതരണം ചെയ്യും.

അനുവദിക്കുന്ന വീടുകൾക്ക് തന്നെ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണുള്ളത്. പി.എം.എ.വൈ ഗുണഭോക്താവാണെന്ന വലിയ ബോർഡ് വെക്കണമെന്ന നിബന്ധന ഉൾപ്പെടെ വരുന്നുണ്ട്. മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണ് പാർപ്പിടം. അതും കേന്ദ്ര സർക്കാരിന്റേയും പ്രധാനമന്ത്രിയുടേയും പരസ്യത്തിനുപയോഗിക്കണമെന്ന് വാശി പിടിക്കുന്നത് നല്ല കാര്യമല്ല.

മറച്ചുവെക്കപ്പെടുന്ന കാര്യങ്ങൾ സമൂഹത്തോട് തുറന്നു പറയാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസ്സ് എന്ന് സൂചിപ്പിച്ചിരുന്നു. അതിനെ ചിലർ പരിഹസിച്ചത് കണ്ടു. മറച്ചു വെക്കപ്പെടുന്ന കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അങ്ങനെ ഒളിപ്പിച്ചു വെക്കുന്നതും ജനങ്ങൾ അനിവാര്യമായും അറിയേണ്ടതുമായ ഒരു വിഷയം തന്നെയാണ് ഭവന നിർമ്മാണത്തിൻറെ പ്രശ്നം.
കേരളത്തിലെല്ലാവർക്കും വീട് ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നൽകുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാൻ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം. ലൈഫിനെ തകർക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്. എത്രവലിയ വെല്ലുവിളികൾ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ തിളങ്ങിയ ലോകകപ്പായിരുന്നു ഇത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കീഴിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച ടീമിൽ വിരാട് കോഹ്ലിയുടെയും മുഹമ്മദ് ഷമിയുടെയും നേട്ടങ്ങൾ എടുത്തു പറയേണ്ടതാണ്. കിരീടം നേടാൻ വലിയ സാദ്ധ്യതകൾ കൽപിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ പരാജയം അപ്രതീക്ഷിതമാണ്. കൂടുതൽ നേട്ടങ്ങളും വിജയവും കൈവരിക്കാനുള്ള കരുത്തോടെ ഇന്ത്യൻ ടീം തിരിച്ചുവരട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News