ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും വികസനത്തിന്റെ രുചി അനുഭവിക്കാൻ കഴിയണം: മുഖ്യമന്ത്രി

കേരളത്തിലെ ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും വികസനത്തിന്റെ രുചി ആസ്വദിക്കാൻ കഴിയണമെന്നതാണ് സർക്കാരിന്റെ വികസന കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്- ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മുൻപ് ശരാശരി കേരളീയൻ കടുത്ത നിരാശയിൽ ആയിരുന്നു. ഒന്നും ഇവിടെ നടക്കില്ല എന്ന നിരാശ. അനുവദിച്ചുകിട്ടിയ പദ്ധതികൾ പോലും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഏഴു വർഷം മുൻപ് സംഭവിച്ച മാറ്റങ്ങൾ ജനത്തിന് കണ്ടറിയാം. ഒരിക്കലും നടക്കില്ല എന്ന് കരുതി ഓഫീസ് പൂട്ടിപ്പോയതായിരുന്നു ഗെയിൽ പൈപ്പ്‌ലൈൻ അധികൃതർ. ആ പൈപ്പ്‌ലൈനിലൂടെ മംഗലാപുരത്തേക്ക് വാതകം എത്തി, നമ്മുടെ അടുക്കളയിൽ പോലും പൈപ്പ് വഴി പാചകവാതകം എത്തി. കൊച്ചി-ഇടമൺ പവർ ലൈൻ യാഥാർഥ്യമായി. അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ പൊതുവിദ്യാലയങ്ങളിൽ പുതുതായി 10 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ ചേർന്നു. ആശുപത്രികളിൽ മരുന്നില്ല, ഡോക്ടർമാരില്ല, നഴ്സുമാരില്ല, സൗകര്യങ്ങൾ ഇല്ല എന്ന പതിവ് അവസ്ഥക്ക് മാറ്റം വന്നു. പൊതുവിൽ നല്ല മാറ്റങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക ഞെരുക്കത്തിലൂടെ സംസ്ഥാനത്തെ പ്രയാസപ്പെടുത്തിയിട്ടും ഒരു മേഖലയിലും കേരളം പിന്നാക്കം പോയില്ല. എല്ലാ രംഗങ്ങളിലും നല്ല രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. നവകേരള സദസ്സിന് വന്നുചേരുന്ന വൻ ജനക്കൂട്ടം സർക്കാരിന് കൂടുതൽ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഒരു പ്രതിസന്ധിക്ക് മുന്നിലും നാം തളരുകയോ തകരുകയോ ഇല്ല. ജനങ്ങളുടെ ഐക്യവും ഒരുമയും ഉത്സാഹവും ഉയർത്തിപ്പിടിച്ചു നാം നവകേരളത്തിലേക്ക് ചുവടുകൾ വെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ലൈഫ് മിഷന് വേണ്ടി സൗജന്യമായി ഒരേക്കർ ഭൂമി നൽകിയ അഡ്വ. എ. ഗോപാലൻ നായർ, 60 സെന്റ് നൽകിയ കോട്ടോടിയിലെ ആലീസ് ജോസ് എന്നിവരെ വേദിയിൽ മുഖ്യമന്ത്രി അനുമോദിച്ചു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, ജെ.ചിഞ്ചുറാണി, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, അഡ്വ. ജി.ആര്‍. അനില്‍, ഡോ.ആര്‍.ബിന്ദു, വീണ ജോര്‍ജ്, വി. അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

 

Print Friendly, PDF & Email

Leave a Comment

More News