കരുവന്നൂർ സഹകരണ ബാങ്ക്: അക്കൗണ്ട് ഉടമകൾക്ക് 50,000 രൂപ വരെ പിൻവലിക്കാം

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി അക്കൗണ്ട് ഉടമകളുടെ സേവിംഗ്സ്‌ ബാംക് നിക്ഷേപം ഉദ്യോഗസ്ഥര്‍ തിരികെ നല്‍കിത്തുടങ്ങി. സേവിംഗ്‌ ബാങ്ക് അക്കാണ്ട്‌ ഉടമകള്‍ക്ക്‌ 50,000 രൂപ വരെ പിന്‍വലിക്കാം.

തിങ്കളാഴ്ച 389 നിക്ഷേപകര്‍ 1.4 കോടി രൂപ പിന്‍വലിച്ചു. മെയിന്‍ ബ്രാഞ്ചിലും മാപ്രാണം, പൊറത്തിശ്ശേരി ശാഖകളിലും തിരക്ക്‌ കൂടിയതിനാല്‍ ചൊവ്വാഴ്ച കൂടുതല്‍ പേര്‍ക്ക്‌ ടോക്കണ്‍ നല്‍കി. ഒരു ലക്ഷം രൂപയില്‍ താഴെ സ്ഥിര നിക്ഷേപമുള്ള ആളുകളുടെ നിക്ഷേപങ്ങളുടെ മൂഴുവന്‍ റീഫണ്ടും തുടരുകയാണ്‌. ഇതുവരെ 1156 പേര്‍ക്ക്‌ 4.63 കോടി രൂപ തിരികെ നല്‍കി.

ഇക്കാലയളവില്‍ 106 പേര്‍ 5.93 കോടി രൂപയുടെ സ്ഥിരനിക്ഷേപവും 45 പേര്‍ 4.39 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും പുതുക്കി. നവംബര്‍ 2, 3 തീയതികളില്‍ നടന്ന അദാലത്തില്‍ 295 പേര്‍ പങ്കെടുക്കുകയും 78 പേര്‍ കുടിശ്ശികയായി 51.97 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.

പുതുതായി അനുവദിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇതുവരെ 3.42 കോടി രൂപ കുടിശ്ശികയുള്ള വായ്പകള്‍ തിരിച്ചടച്ചു. പാക്കേജിന്റെ ഭാഗമായി കേരള ബാങ്കിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.ആര്‍. രാജേഷ്‌ കരുവന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറായി ചുമതലയേറ്റു.

Print Friendly, PDF & Email

Leave a Comment

More News