വെര്‍മോണ്ടില്‍ കോളേജ് വിദ്യാര്‍ത്ഥികളായ മൂന്ന് ഫലസ്തീന്‍ യുവാക്കള്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം

വെര്‍മോണ്ട്: താങ്ക്സ്ഗിവിംഗ് അവധിക്കാല ഒത്തുചേരലിനായി ബർലിംഗ്ടണിലെത്തിയ പലസ്തീൻ വംശജരായ മൂന്ന് യുവാക്കൾക്ക് വെർമോണ്ട് സർവകലാശാലയ്ക്ക് സമീപം വെച്ച് വെടിയേറ്റു. പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ബര്‍ലിംഗ്ടണ്‍ പോലീസ് പറഞ്ഞു. ആക്രമണം വിദ്വേഷ കുറ്റകൃത്യമായിരിക്കാമെന്ന് അധികൃതർ പറഞ്ഞു.

വെടിയേറ്റ മൂന്ന് പേരും വെർമോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിൽ ചികിത്സയിലാണ്. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഹിഷാം അവർത്താനി, പെൻസിൽവാനിയയിലെ ഹാവർഫോർഡ് കോളജ് വിദ്യാർത്ഥി കിന്നൻ അബ്‌ദൽഹമിദ്, കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളജ് വിദ്യാർത്ഥിയായ തഹ്‌സീൻ അഹ്‌മ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം 6:25 ന് യൂണിവേഴ്സിറ്റി ഓഫ് വെര്‍മോണ്ട് (യുവിഎം) കാമ്പസിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് ബർലിംഗ്ടൺ പോലീസ് മേധാവി ജോൺ മുറാദ് പറഞ്ഞു. വെടിവെച്ചയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം ഞായറാഴ്ച ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

20 വയസ്സു വീതം പ്രായമുള്ള മൂവരും ഇരയുടെ ബന്ധുവിലൊരാളുടെ വീട് സന്ദർശിച്ച് പ്രോസ്‌പെക്‌റ്റ് സ്‌ട്രീറ്റിലൂടെ നടന്നുപോകുമ്പോഴാണ് അക്രമി ഇവർക്ക് നേരെ നടന്നെത്തി പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടു. വെടിയേറ്റ വിദ്യാർഥികളില്‍ രണ്ടു പേര്‍ കറുപ്പും വെളുപ്പും കലര്‍ന്ന പരമ്പരാഗത പലസ്‌തീൻ കെഫിയ സ്കാര്‍ഫുകള്‍ ധരിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു..

അക്രമിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തെ വിദ്വേഷ കുറ്റകൃത്യമായി കണ്ട് അന്വേഷിക്കണമെന്ന് യുവാക്കളുടെ കുടുംബം ആവശ്യപ്പെട്ടു.

മൂന്ന് പേരും പലസ്തീൻ വംശജരാണെന്ന് മുറാദ് പറഞ്ഞു. രണ്ട് പേർ യുഎസ് പൗരന്മാരും ഒരാൾ നിയമപരമായ താമസക്കാരനുമാണ്. “ഇരകളോടും അവരുടെ കുടുംബങ്ങളോടും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു,” മുറാദ് വാർത്താക്കുറിപ്പിൽ കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News