കേരളത്തിന് സഹായമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തടയുന്നു: മുഖ്യമന്ത്രി

മലപ്പുറം: ഒരു സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിക്ക് “മാര്‍ഗതടസ്സം” സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. “സാമൂഹിക മുന്നേറ്റങ്ങൾ ഒരു സംസ്ഥാനത്തിന് ഭാരമോ ശിക്ഷയോ ആകരുത്,” കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നയത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

കേന്ദ്രം കേരളത്തോട് പക്ഷപാതപരമായാണ് പെരുമാറുന്നത്. ആ പ്രവണത തിരുത്തണമെന്ന് തിങ്കളാഴ്‌ച മലപ്പുറം ജില്ലയിലെ തിരൂരിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രത്യേക പ്രഭാത സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് പണമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്നെ വസ്‌തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്. നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്ര സർക്കാരിന് ഉണ്ടാകേണ്ടതെന്നും, ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതവും ഗ്രാന്‍റും അർഹതപ്പെട്ടത് കിട്ടേണ്ടതുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്തിന്‍റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്‍റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്. പിഎംഎവൈ അർബന്‍റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾ കഴിയുന്നില്ല. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിംഗ് വേണം എന്നാണ്.

ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിംഗുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്നറിയാതെ ആ കാഴ്‌ചപ്പാടിന് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ. ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതു സമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണ്. കേരളം സാമൂഹിക ഉന്നമനത്തിന്‍റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്‌താവന യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്‍റെ വിഹിതം തടഞ്ഞു വച്ചത് ഇപ്പോൾ റിലീസ് ചെയ്യേണ്ടി വന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സെപ്‌റ്റംബറില്‍ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്ര മന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല. കേരളത്തില്‍ ആകെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതിന്‍റെ 16.62% പേര്‍ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍, 8,46,456 പേര്‍. 80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്‍ഷന്‍ 300 രൂപ. കേരളം കേന്ദ്രത്തിന്‍റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും 1600 രൂപ നല്‍കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു. കേന്ദ കേന്ദ്രതൊഴിലുറപ്പു പദ്ധതിയോടുള്ള കേന്ദ്ര സമീപനവും വ്യത്യസ്‌തമല്ല. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ തൊഴിലുറപ്പു പദ്ധതി നടക്കുന്നത് കേരളത്തിലായിട്ടും ഏകദേശം 2 കോടിയുടെ തൊഴില്‍ ദിനങ്ങളാണ് രണ്ട് വര്‍ഷം കൊണ്ട് നമുക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്‌ടപ്പെടുത്തിയത്.

2017-18 മുതല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള വിവിധ തുകകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ല. അതിന്‍റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്‌കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. 2021 മാര്‍ച്ച് 31 ന് മുന്‍പ് തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഉദ്യോഗസ്ഥര്‍ കേന്ദ്രതലത്തില്‍ ചര്‍ച്ചയും നടത്തിയിട്ടുണ്ട്. എന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ല.

2017 മുതല്‍ കിഫ്ബിയും, പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്‌പകള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്‍റെ വരുമാന മാര്‍ഗങ്ങളെല്ലാം തടയുന്നു. ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നു. സ്വന്തമായി വഴി കണ്ടെത്തി വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അതിനും തടസ്സം നില്‍ക്കുന്നു. സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയാറാകാതെ, ഏന്തെല്ലാമോ ഞങ്ങൾ ഇവിടെ ചെയ്‌തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാവിരുദ്ധമായി പ്രചരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്.

ഇന്നലെ നവകേരള സദസ്സിലെ പ്രസംഗമധ്യേ ഇതില്‍ വിശദമായി പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി, നാടിന്‍റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ തയാറാകണം എന്നാണഭ്യര്‍ത്ഥിക്കാനുള്ളത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്‌ച സമാപിച്ചപ്പോള്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങളാണ്. ആദ്യദിനത്തിലെ എണ്ണം വടകരയില്‍ പറഞ്ഞിരുന്നു. ബാലുശ്ശേരി- 5461, കൊയിലാണ്ടി- 3588, എലത്തൂര്‍- 3224, കോഴിക്കോട് നോര്‍ത്ത്- 2258, കോഴിക്കോട്- സൗത്ത് 1517, തിരുവമ്പാടി 3827, കൊടുവള്ളി 3600, കുന്ദമംഗലം 4171, ബേപ്പൂര്‍- 3399 എന്നിങ്ങനെയാണ് രണ്ടും മൂന്നും ദിവസങ്ങളിലെ മണ്ഡലം തിരിച്ചുള്ള കണക്ക്.ചൈനയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇക്കാര്യം സൂക്ഷ്‌മതയോടെ വീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഭീഷണിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാൻ പൊതുവെ വിമുഖത കാണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആൾക്കൂട്ട ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“എന്ത് സംഭവിച്ചാലും, ഉടന്‍ തന്നെ പോലീസിനെ കുറ്റപ്പെടുത്തുന്ന ചിന്താഗതി മാറ്റണം,” കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല (കുസാറ്റ്) തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കൻ ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി സമീപകാല റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളിലും, കൗമാരക്കാരിലും കാണുന്ന ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും, കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സംയോജിത രോഗ നിരീക്ഷണ പദ്ധതിയുടെ ജില്ലാ-സംസ്ഥാന നിരീക്ഷണ യൂണിറ്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഞായറാഴ്ച സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

നവകേരള സദസിൽ പങ്കെടുക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെ (യുഡിഎഫ്) ചില പ്രാദേശിക നേതാക്കൾ, അവർ എടുത്ത തെറ്റായ തീരുമാനത്തിന്റെ അനന്തരഫലം യുഡിഎഫ് ഘടകകക്ഷികൾ ഉടൻ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ജനവിരുദ്ധ തീരുമാനങ്ങളിൽ ഇനിയും പിടിച്ചുനിൽക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News