വെർമോണ്ടില്‍ മൂന്ന് ഫലസ്തീൻ വംശജരായ വിദ്യാര്‍ത്ഥികളെ വെടിവെച്ച അക്രമിയെ പിടികൂടി; കോടതിയില്‍ കുറ്റം നിഷേധിച്ചു

വെർമോണ്ട്: ബർലിംഗ്ടണിൽ താങ്ക്സ് ഗിവിംഗ് അവധിക്കാലം ചെലവഴിക്കാനെത്തിയ ഫലസ്തീൻ വംശജരായ മൂന്ന് കോളേജ് വിദ്യാർത്ഥികളെ വെടിവെച്ച് പരിക്കേല്പിച്ച സംഭവത്തിൽ വെർമോണ്ട് സ്വദേശി 48 കാരനായ ജേസൺ ജെ. ഈറ്റനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

വെർമോണ്ട് യൂണിവേഴ്‌സിറ്റി കാമ്പസിനടുത്തുള്ള തന്റെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് വെടിവയ്പ്പ് നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ജേസൺ ജെ. ഈറ്റനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് വീഡിയോയിലൂടെ തിങ്കളാഴ്ച കോടതിയിൽ ഹാജരായ ഇയാള്‍ തന്റെ വ്യക്തിത്വം സ്ഥിരീകരിക്കാൻ മാത്രം സംസാരിച്ചു. അഭിഭാഷകന്‍ തന്റെ കക്ഷി നിരപരാധിയാണെന്ന് വാദിച്ചു. കോടതിയില്‍ നേരിട്ടുള്ള വാദം കേൾക്കുന്നത് വരെ ജാമ്യമില്ലാതെ ജയിലില്‍ തന്നെ തുടരാണ്‍ ജഡ്ജി ഉത്തരവിട്ടു.

പോലീസിന്റെ എഫ് ഐ ആര്‍ പ്രകാരം, ഫെഡറൽ ഏജന്റുമാർ ഈറ്റന്റെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു തോക്ക് കണ്ടെത്തി. ഈ സമയത്ത് അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഈറ്റന്‍ ‘താന്‍ അവര്‍ക്കായി കാത്തിരിക്കുകയാണെന്ന്’ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

വെടിവയ്പ്പ് വിദ്വേഷ കുറ്റകൃത്യമാണോ എന്ന് നീതിന്യായ വകുപ്പ് അന്വേഷിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പറഞ്ഞു. എഫ്ബിഐയും ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കൊ ഫയര്‍ ആംസ് ആന്റ് എക്സ്പ്ലോസീവ്സും (Bureau of Alcohol, Tobacco, Firearms and Explosives) അന്വേഷണത്തിൽ വെർമോണ്ട് അധികൃതരെ സഹായിക്കുന്നുണ്ട്.

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിലുടനീളം ജൂത, മുസ്ലീം, അറബ് സമുദായങ്ങൾക്കെതിരായ ഭീഷണികൾ കുത്തനെ വർധിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ഇരകളിലൊരാളുടെ ബന്ധുവീട് സന്ദർശിക്കുന്നതിനിടെയാണ് അവര്‍ക്ക് വെടിയേറ്റത്. ഇവരിൽ രണ്ടുപേരുടെ നില തൃപ്തികരമാണെന്നും മൂന്നാമത്തെയാള്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്നും ബർലിംഗ്ടൺ പോലീസ് മേധാവി ജോൺ മുറാദ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

വെടിയേറ്റ മൂന്ന് പേരും വെർമോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിൽ ചികിത്സയിലാണ്. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഹിഷാം അവർത്താനി, പെൻസിൽവാനിയയിലെ ഹാവർഫോർഡ് കോളജ് വിദ്യാർത്ഥി കിന്നൻ അബ്‌ദൽഹമിദ്, കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളജ് വിദ്യാർത്ഥിയായ തഹ്‌സീൻ അഹ്‌മ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

താങ്ക്സ് ഗിവിംഗിനായി മൂന്നുപേരും അവർത്താനിയുടെ മുത്തശ്ശിയുടെ വീട്ടിൽ താമസിച്ചിരുന്നതായി അവർതാനി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച ബൗളിംഗിന് പോയി മടങ്ങിവരുമ്പോഴാണ് ഒരാള്‍ തങ്ങളുടെ നേര്‍ക്ക് നടന്നടുത്ത് കൈയില്‍ കരുതിയിരുന്ന പിസ്റ്റള്‍ കൊണ്ട് വെടിവെച്ചതെന്നും അവര്‍താനി പോലീസിനോട് പറഞ്ഞു.

തങ്ങള്‍ നടന്നുവന്ന വഴിയിലെ ഒരു വീടിന്റെ വരാന്തയില്‍ നിന്ന് ഒരാൾ തങ്ങളെ തുറിച്ചുനോക്കുന്നത് കണ്ടതായി രണ്ടാമത്തെ ഇര അബ്ദല്‍ ഹമീദ് പറഞ്ഞു.

ബർലിംഗ്ടൺ മേയർ മിറോ വെയ്ൻബർഗർ അന്വേഷണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടി.

വെടിവയ്പ്പിനെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും നിയമപാലകരുടെ അപ്‌ഡേറ്റുകൾ തുടർന്നും ലഭിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അതിനിടെ, വെടിവെപ്പിന് ഉത്തരവാദികളായ വ്യക്തിയെയോ ആളുകളെയോ അറസ്റ്റു ചെയ്യുന്നതിനോ ശിക്ഷിക്കുന്നതിനോ നയിക്കുന്ന വിവരങ്ങൾക്ക് $10,000 പാരിതോഷികം കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് വാഗ്ദാനം ചെയ്യുന്നതായി പ്രസ്താവന പുറത്തിറക്കി.

വെസ്റ്റ് ബാങ്കിലെ സ്വകാര്യ സ്‌കൂളിലെ ബിരുദധാരികളാണ് മൂന്ന് യുവാക്കളെന്ന് റാമല്ല ഫ്രണ്ട്‌സ് സ്‌കൂൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. “അവർ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതിൽ ഞങ്ങൾക്ക് ആശ്വാസമുണ്ടെങ്കിലും, അവരുടെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ അനിശ്ചിതത്വത്തിൽ തുടരുകയുകയാണ്,” സ്കൂൾ അധികൃതര്‍ പറഞ്ഞു.

“അമേരിക്കയിലെ അറബ് വിരുദ്ധ വിദ്വേഷത്തിന്റെയും ഇസ്ലാമോഫോബിയയുടെയും ഞെട്ടിപ്പിക്കുന്ന വർധനയെ അസന്ദിഗ്ധമായി അപലപിക്കാന്‍” വെടിവയ്പ്പിനോട് പ്രതികരിച്ചുകൊണ്ട് യുഎസ് ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് ആളുകളെ പ്രോത്സാഹിപ്പിച്ചു. “നമ്മുടെ രാജ്യത്ത് വംശീയതയ്‌ക്കോ മതപരമായ ബന്ധത്തിനോ വേണ്ടി ആരും ഒരിക്കലും ടാർഗെറ്റ് ചെയ്യപ്പെടരുത്,” ന്യൂയോർക്ക് ഡെമോക്രാറ്റ് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

വെർമോണ്ട് ഇൻഡിപെൻഡന്റ് സെനറ്റർ ബെർണി സാൻഡേഴ്സും വെടിവെപ്പിനെ അപലപിച്ചു. “ബർലിംഗ്ടണിൽ മൂന്ന് ഫലസ്തീൻ യുവാക്കൾ വെടിയേറ്റുവീണത് ഞെട്ടിപ്പിക്കുന്നതും ആഴത്തിൽ അസ്വസ്ഥതയുളവാക്കുന്നതുമാണ്. വിദ്വേഷത്തിന് ഇവിടെയും എവിടെയും സ്ഥാനമില്ല. പൂർണ്ണമായ അന്വേഷണം ഞാൻ പ്രതീക്ഷിക്കുന്നു,” സാൻഡേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

ഗവർണർ ഫിൽ സ്കോട്ട് വെടിവയ്പ്പിനെ ഒരു ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ നിവാസികളോട് ഐക്യപ്പെടാനും ഈ സംഭവം കൂടുതൽ വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കാൻ അനുവദിക്കരുത് എന്നും ആഹ്വാനം ചെയ്തു.

ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത ജൂത വോയ്‌സ് ഫോർ പീസ് എന്ന വെർമോണ്ട്-ന്യൂ ഹാംഷെയർ ചാപ്റ്റർ, “വെടിവയ്‌പ്പിൽ ഞെട്ടിപ്പോയി” എന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

“ലോകമെമ്പാടുമുള്ള അധിനിവേശ ഫലസ്തീനിലെയും ഇവിടെ വെർമോണ്ടിലെയും എല്ലാ ഫലസ്തീൻ ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്. എല്ലാവർക്കും സുരക്ഷിതത്വം നല്‍കുന്ന ഒരു വെർമോണ്ട് സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” പ്രസ്താവനയില്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള യഹൂദർക്കുവേണ്ടി വാദിക്കുന്ന സംഘടനയായ അമേരിക്കൻ ജൂത കമ്മിറ്റിയും ആക്രമണത്തിൽ അപലപിച്ചു. ഈ പ്രവൃത്തി വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്ന് നിയമപാലകരോട് അവര്‍ അഭ്യർത്ഥിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News