മലങ്കര മാർത്തോമാ സുറിയാനി സഭയുടെ എപ്പിസ്കോപ്പ സ്ഥാനാഭിഷേകം ഡിസംബർ 2ന് തിരുവല്ലയിൽ

ഡാളസ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ 3 പുതിയ എപ്പിസ്കോപ്പാമാരുടെ സ്ഥാനാരോഹണം ഡിസംബർ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 7 30ന് തിരുവല്ല എസ് സി സെമിനാരി മൈതാനത്ത് പ്രത്യേകം തയ്യാറാക്കി കൂദാശ ചെയ്യുന്ന മദ്ബാഹയിൽ വച്ച് നടത്തപ്പെടുന്നു എന്ന് അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സർക്കുലർ നമ്പർ 112 മുഖേന അറിയിച്ചു. 2023 ഒക്ടോബർ 2ന് റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട വന്ദ്യ ദിവ്യശ്രീമാൻമാരായ കുന്നംകുളം ആർത്താറ്റ് ഇടവകയിൽ ചെമ്മണ്ണൂർ കുടുംബാംഗം റവ.സജു സി പാപ്പച്ചൻ, കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവക കാരംവേലി മണ്ണിൽ കുടുംബാംഗം റവ.ഡോ.ജോസഫ് ഡാനിയൽ, മല്ലപ്പള്ളി മാർത്തോമ ഇടവകയിൽ കിഴക്കേ ചെറുപാലത്തിൽ കുടുംബാംഗം റവ.മാത്യു കെ ചാണ്ടി എന്നിവരാണ് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.

2023 ഓഗസ്റ്റ് 30 ന് അലക്സാണ്ടർ മാർത്തോമ വലിയ മെത്രാപ്പോലീത്ത ഓഡിറ്റോറിയത്തിൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം ആയിരുന്നു മൂന്ന് എപ്പിസ്കോപ്പൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത്. തുടർന്ന് ഒക്ടോബർ 2ന് അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ, അഭിവന്ദ്യ ഡോക്ടർ യുയാക്കീം മാർ കൂറിലോസ് സഫഗ്രൻ മെത്രാപോലീത്താ മൂന്നുപേരെയും റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തിയിരുന്നു.

വിശുദ്ധ എപ്പിസ്കോപ്പ സ്ഥാനാരോഹണ ശുശ്രൂഷയിൽ ദൈവകൃപ വ്യാപരിക്കുന്നതിനും, മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന റമ്പാൻമാർക്ക് സമൃദ്ധിയായി ദൈവാനുഗ്രഹം ലഭിക്കുന്നതിനും, ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നവർക്ക് ആവശ്യമായ ആത്മീയ പ്രചോദനം ഉണ്ടാകേണ്ടതിനും, ഏവരും ഭക്തിയോടും പ്രാർത്ഥനയോടുകൂടി പങ്കെടുക്കണമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News