എച്ച്ഐവി രോഗബാധ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി. അണുബാധ വിമുക്തമാക്കാൻ ആരോഗ്യവകുപ്പ് ‘വൺ ടു സീറോ’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ എച്ച്‌ഐവി അണുബാധയുടെ തോത് കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യമനുസരിച്ച് 2030ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. 2025ഓടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള യാത്ര കേരളം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ മറ്റ് സംസ്ഥാനത്തിലേക്കും രാജ്യങ്ങളിലേക്കും പോകുമ്പോഴും അവിടെ നിന്നും ആളുകൾ കേരളത്തിലേക്ക് കുടിയേറുമ്പോഴും സുരക്ഷാ മാർഗങ്ങൾ പാലിക്കാത്തത് എച്ച്.ഐ.വി വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു.

എയ്ഡ്‌സ് രോഗം പ്രതിരോധിക്കുന്നതും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് എല്ലാ വർഷവും ഡിസംബർ ഒന്നിനാണ് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കപ്പെടുന്നത്. ‘സമൂഹങ്ങൾ നയിക്കട്ടെ’ (Let Communities Lead) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. എച്ച്.ഐ.വി ബാധിതർക്കും, രോഗബാധ സാദ്ധ്യത കൂടുതലുളളവർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സമൂഹത്തിന് സൂപ്രധാന പങ്കാണ് നിർവഹിക്കാനുളളത്. ഈ വർഷത്തെ എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം പാലക്കാട് ജില്ലയിൽ നടക്കും.

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തികൊണ്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, കുട്ടികൾക്ക് സ്നേഹപൂർവം സ്‌കോളർഷിപ്പ് വിദ്യാഭ്യാസ പദ്ധതി, കാസ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ, എച്ച്.ഐ.വി അണുബാധിതരായ സ്ത്രീകൾക്ക് സൗജന്യ പാപ്‌സ്മിയർ പരിശോധന, ഭൂമിയുള്ളവർക്ക് ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം ലഭ്യമാക്കൽ തുടങ്ങിയ പദ്ധതികളാണ് എച്ച്.ഐ.വി അണുബാധിതർക്കായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News