കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഹീരാ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി: കള്ളപ്പണം വെളുപ്പിക്കലും ഫണ്ട് വകമാറ്റലും സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ എ. അബ്ദുൾ റഷീദിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.

ഡിസംബർ നാലിന് (തിങ്കൾ) രാത്രിയാണ് ഏജൻസിയുടെ കൊച്ചി യൂണിറ്റ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് (ഡിസംബർ 5 ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഇയാളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) പ്രത്യേക കോടതിയിൽ ഹാജരാക്കും.

15 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാക്കി പണം വകമാറ്റി വഞ്ചിച്ചുവെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ആരോപണത്തെ തുടർന്ന് നിർമാണ കമ്പനിക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) അടിസ്ഥാനത്തിലാണ് 2021ൽ ഇഡി കേസ് രജിസ്റ്റർ ചെയ്തത്.

2013ൽ തിരുവനന്തപുരത്തെ ആക്കുളത്തുള്ള ഒരു പ്രോജക്‌റ്റിനായി ബാങ്ക് ഈ തുക സ്ഥാപനത്തിന് വായ്പയായി നൽകിയിരുന്നു. തിരിച്ചടവ് സമയപരിധി പലതവണ ബാങ്ക് നീട്ടിയിട്ടും പണം തിരിച്ചടക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു.

2021 മാർച്ചിൽ റഷീദിനെയും മകൻ സുബിൻ അബ്ദുൾ റഷീദിനെയും സിബിഐ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.

പണം വകമാറ്റി ബാങ്കിന് 15 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് കാണിച്ച് എസ്ബിഐ തിരുവനന്തപുരം റീജണൽ മാനേജർ നൽകിയ പരാതിയിലാണ് കേസെടുത്തത്. 2016 ഡിസംബർ 23-നകം വായ്പ തിരിച്ചടയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍, ഇത് ഷെഡ്യൂൾ ചെയ്തതുപോലെ പൂർത്തീകരിക്കാത്തതിനാൽ ബാങ്ക് ലോൺ കാലാവധി 2017 ഡിസംബർ 23 വരെ നീട്ടിയിരുന്നു. നീട്ടിയ സമയപരിധിക്ക് മുമ്പ് അത് തിരിച്ചടയ്ക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടു.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ തിരുവനന്തപുരത്തെ വസതിയിലും ഓഫീസിലും 2021 ഫെബ്രുവരിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News