മൈതാനം ചക്കുവള്ളി ക്ഷേത്രത്തിന്റേതല്ല, പുറമ്പോക്ക് ഭൂമിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊല്ലം: നവകേരള സദസ് നടത്താനിരുന്ന മൈതാനം ചക്കുവള്ളി ക്ഷേത്രത്തിന്റേതല്ലെന്നും, പുറമ്പോക്ക് ഭൂമിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നവകേരള സദസ്സിനെതിരെ ക്ഷേത്രം നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പൂജാ ആവശ്യങ്ങൾക്കല്ലാതെ ക്ഷേത്രഭൂമി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് ചക്കുവള്ളി ക്ഷേത്രാങ്കണത്തിൽ നവകേരള സദസ് നടത്തുന്നതിനെതിരെ കോടതിയിൽ ഹർജി നൽകിയത്.

കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സാണ് ഡിസംബര്‍ 18ന് ചക്കുവള്ളി ശ്രീ പരബ്രഹ്മക്ഷേത്രം മൈതാനത്ത് നടത്താനായി നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി ക്ഷേത്ര മൈതാനത്തിന്റെയും ചുറ്റുമതിൽ പൊളിക്കാനും നീക്കം നടന്നിരുന്നു. ഭക്തരിൽ നിന്നും വലിയ പ്രതിഷേധമാണ് ഇതിനെതിരായി ഉണ്ടായത്.

ഹിന്ദു ഐക്യവേദിയാണ് ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നതിനെതിരായി കോടതിയെ സമീപിച്ചത്. നവകേരള സദസ്സ് നടത്താൻ ക്ഷേത്രഭൂമി വിട്ടുനൽകാൻ ദേവസ്വം ബോർഡ് അനുമതി നൽകിയ ഉത്തരവ് ഹാജരാക്കാൻ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ചക്കുവള്ളി ക്ഷേത്ര മൈതാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുറമ്പോക്ക് ഭൂമിയാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

Print Friendly, PDF & Email

Leave a Comment

More News