ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ധ്യാനം ജൂലൈയില്‍ ഫിലഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: ബൈബിള്‍ പണ്ഡിതനും, തിരുവനന്തപുരം സീറോമലങ്കര അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തില്‍ (1200 Park Ave.; Bensalem PA 19020) 2024 ജൂലൈ 18 മുതല്‍ 21 വരെ നടത്തപ്പെടുന്നു. ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ലഘുഭക്ഷണമുള്‍പ്പെടെ നാലു ദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാള്‍ക്ക് 75 ഡോളര്‍ ആണു രജിസ്ട്രേഷന്‍ ഫീസ്. എല്ലാദിവസവും രാവിലെ 8:30 മുതല്‍ വൈകുന്നേറം 4:30 വരെയാണു ധ്യാനസമയം.

ധ്യാന ശുശ്രൂഷയില്‍ വചന പ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാര്‍ത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ‘നിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’ (യോഹന്നാന്‍ 8:32) എന്നതാണു ധ്യാന വിഷയം.

നാലു ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പള്ളിയുടെ വെബ്സൈറ്റിലുള്ള ലിങ്കില്‍ ക്ലിക്ക്ചെയ്ത് ഓണ്‍ലൈനിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷന്‍ ആണു ഏറ്റവും സ്വീകാര്യമായ രീതി. എന്നാല്‍ ഇതിനു സാധിക്കാത്തവര്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ വിളിച്ച് നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ Paypal, Venmo വഴിയും, നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ രജിസ്റ്റ്രേഷന്‍ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫീസിലോ, മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണ്.

തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തില്‍ നേരിട്ടും, ജനപ്രീയ സമൂഹമാധ്യമങ്ങളിലൂടെ ഓണ്‍ലൈനായും, ബൈബിള്‍ പ്രഭാഷണങ്ങളിലൂടെ ലോകം മുഴുവന്‍ അനേകായിരങ്ങളെ പരിശുദ്ധാത്മാഭിഷേക നിറവിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ദാനിയേല്‍ പൂവണ്ണത്തിലച്ചന്‍റെ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരെയും ഇടവകവികാരി റവ. ഫാ. ബാബു മഠത്തിപ്പറമ്പിലും, ദേവാലയകമ്മിറ്റിയും ക്ഷണിക്കുന്നു. പബ്ലിക് റിലേഷന്‍സ് & പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ് (ബിജു) ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു മഠത്തിപ്പറമ്പില്‍, വികാരി 773 754 9638, ഷൈന്‍ തോമസ്, സെക്രട്ടറി 445 236 6287, സോന ശങ്കരത്തില്‍, രജിസ്റ്റ്രേഷന്‍ കോര്‍ഡിനേറ്റര്‍ 267 701 0559

Print Friendly, PDF & Email

Leave a Comment