ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനും സുഹൃത്തുക്കളും പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പതിനെട്ട് പേർക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർക്ക് അയച്ചുകൊടുത്തതായും പരാതിയിൽ പറയുന്നു.

പതിനാറുകാരി സ്‌കൂളിൽ പോകാൻ നിരന്തരം വിമുഖത കാണിക്കാൻ തുടങ്ങിയതോടെ വീട്ടുകാർ കുട്ടിയെ കൗൺസിലിന് വിധേയയാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ കൗൺസിലിംഗ് ചെയ്ത ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സംഭവത്തിൽ 18 പേര്‍ക്കെതിരെ കേസെടുത്തു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ചിറ്റാർ സ്വദേശിയായ സുഹൃത്താണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് ഇയാൾ കുട്ടിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഈ ചിത്രങ്ങൾ ലഭിച്ചവരും സോഷ്യൽ മീഡിയയിലൂടെ കുട്ടിയെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയായിരുന്നു. കേസിലെ മുഖ്യ പ്രതികളെ കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News