സംസ്ഥാന ബജറ്റ്: ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം സ്വാഗതാര്‍ഹമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി

കൊച്ചി: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയത്തെ രാജ്യത്തെ പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലയായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപത്തിന് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ നിക്ഷേപകനയം നടപ്പിലാക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനാകുമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു.

വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസ് സംസ്ഥാനത്ത് തുടങ്ങുന്നതിന് അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടോം ജോസഫ് പറഞ്ഞു. ഇത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശ ബിരുദങ്ങള്‍ ഇവിടെ തന്നെ ലഭിക്കാന്‍ അവസരമൊരുക്കും. ഇതിലൂടെ വിദേശത്ത് പോയി പഠിക്കുന്നതിന്റെ വലിയ സാമ്പത്തിക ബാധ്യത വിദ്യാര്‍ഥികള്‍ക്ക് ഒഴിവാക്കാനാകുമെന്നതിന് പുറമേ സംസ്ഥാനത്തിന് പുതിയ വരുമാന സ്രോതസ്സ് തുറന്നുകിട്ടുകയും ചെയ്യുമെന്നും ടോംജോസഫ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News