കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവിവേകം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ കര്‍ഷകസമൂഹം സ്വന്തം മണ്ണില്‍ നിരന്തരമായി നടത്തുന്ന പോരാട്ടങ്ങളെ ശത്രുരാജ്യ മനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അവിവേകമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.

കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ കാര്‍ഷികമേഖല രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിമൂലം ഗ്രാമീണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ജീവിക്കാന്‍വേണ്ടി തെരുവിലിറങ്ങിയിരിക്കുന്ന കര്‍ഷകരുടെ പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് നേരിടുന്ന ക്രൂരതയെ എതിര്‍ക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി വ്യക്തമാക്കി.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 46 അംഗ കര്‍ഷകപ്രതിനിധികളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹി പ്രക്ഷോഭത്തില്‍ ആദ്യഘട്ടമായി പങ്കുചേരുന്നത്. 55 അംഗ രണ്ടാം പ്രതിനിധിസംഘം ഫെബ്രുവരി 18ന് ഡല്‍ഹിയിലേയ്ക്ക് തിരിക്കും.

ഡല്‍ഹിയിലുള്ള രാഷ്ടീയ കിസാന്‍ മഹാസംഘ് നേതാക്കളും സംസ്ഥാന പ്രതിനിധികളും പങ്കുചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സൗത്ത് ഇന്ത്യ കണ്‍വീനർ അഡ്വ. വി.സി. സെബാസ്റ്റ്യൻ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്, കണ്‍വീനര്‍ പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പന്‍, ജോയി കണ്ണഞ്ചിറ, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്‍, ജോര്‍ജ് സിറിയക്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്,ബേബി സഖറിയാസ്, മാർട്ടിൻ തോമസ്, പി.ജെ ജോൺ മാസ്റ്റർ, സണ്ണി തുണ്ടത്തിൽ, ജോസഫ് തെള്ളിയിൽ, വർഗീസ് കൊച്ചു കുന്നേൽ ചാക്കപ്പന്‍ ആന്റണി, സി.റ്റി.തോമസ്, പി.രവീന്ദ്രന്‍, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, വിദ്യാധരന്‍ സി.വി., ജോബിള്‍ വടശ്ശേരി, റോസ് ചന്ദ്രന്‍, അപ്പച്ചന്‍ ഇരുവേലില്‍, റോജര്‍ സെബാസ്റ്റ്യൻ, ഷാജി തുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും അകാരണമായി അറസ്റ്റുചെയ്തിരിക്കുന്ന കര്‍ഷക നേതാക്കളെ ഉടന്‍ വിട്ടയയ്ക്കണമെന്നും രാഷ്ട്രീയത്തിനതീതമായി രാജ്യത്തെ സ്വതന്ത്ര കര്‍ഷക സംഘടനകള്‍ സംഘടിത ശക്തിയായി മാറുന്നത് പുതിയ പ്രതീക്ഷകളുണര്‍ത്തുന്നുവെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് ഡല്‍ഹിയില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News