ആർഎൽവി രാമകൃഷ്ണനെ അവഹേളിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശത്തിന് മറുപടിയുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

കോഴിക്കോട് : ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തെ അപലപിച്ച് മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ആർഎൽവി രാമകൃഷ്ണൻ ഏറെ ശ്രദ്ധിക്കപ്പെട്ട കലാകാരനാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. അത്തരക്കാരെ വ്യക്തിപരമായി ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കലാകാരന്മാർക്കിടയിൽ ജാതി അധിക്ഷേപം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു, രാമകൃഷ്ണനെ പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ രാമകൃഷ്ണനെ അപമാനിച്ചത്. അഭിമുഖത്തിൽ, മോഹിനിയാട്ടം അവതരിപ്പിക്കുന്നവർക്ക് ഒരു മോഹിനിയുടെ ഗുണങ്ങൾ ഉണ്ടായിരിക്കണമെന്ന് അവർ പറഞ്ഞു. അവനെ (ആർഎൽവി രാമകൃഷ്ണൻ) കണ്ടപ്പോൾ കാക്കയുടെ നിറമാണെന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം.

സത്യഭാമയുടെ വിവാദ പരാമര്‍ശം: “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരാജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു സത്യഭാമയുടെ വിവാദ പ്രസതാവന. ഇതിന് പിന്നാലെ രീതിയിലുള്ള പ്രതിഷേധമാണ് സത്യഭാമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നത്.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി സത്യഭാമ രംഗത്തെത്തി. ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചതായും സത്യഭാമ ആരോപിച്ചു. ആർഎൽവി രാമകൃഷ്‌ണന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്‌ണന്‍ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News