ആര്‍ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം: ഈ സ്ത്രീ വ്യാജ കലാമണ്ഡലം സത്യഭാമയാണെന്ന് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: ആര്‍ എൽ വി രാമകൃഷ്ണൻ വിഷയത്തിൽ പ്രതികരണവുമായി കലാ-സാംസ്കാരിക-ചലച്ചിത്ര പ്രവർത്തകൻ ശ്രീകുമാരൻ തമ്പി. ഈ സ്ത്രീയല്ല യഥാർത്ഥ കലാമണ്ഡലം സത്യഭാമയെന്ന് ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പേജിലൂടെ വിമർശിച്ചു.

‘ഈ സ്ത്രീയല്ല യഥാർത്ഥ കലാമണ്ഡലം സത്യഭാമ. പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരുടെ ഭാര്യയും കലാമണ്ഡലത്തിലെ അദ്ധ്യാപികയുമായിരുന്നു കലാമണ്ഡലം സത്യഭാമ. താൻ സംവിധാനം ചെയ്ത ‘ഗാനം’, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ ചിത്രങ്ങളിലെ കൊറിയോഗ്രാഫി ചെയ്തത് യഥാർത്ഥ സത്യഭാമയാണെന്ന് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ യഥാർത്ഥ സത്യഭാമയുടെ ശിഷ്യരാണ്. കലാമണ്ഡലം പത്മനാഭൻ നായരുടെയും പത്നി കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതത്തെക്കുറിച്ചുള്ളതാണ് ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ വർഷങ്ങൾക്ക് മുമ്പ് ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘ദയിതേ കേൾ നീ’ എന്ന ഡോക്യുമെൻ്ററി. പ്രതിഭയായിരുന്ന യഥാർത്ഥ സത്യഭാമയെ ഈ സത്യഭാമയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്‌ണന്‍റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുതെന്നും ശ്രീകൃഷ്‌ണനും നർത്തകനായിരുന്നു എന്നും നിറത്തിന്‍റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനെയും വിലയിരുത്താൻ പാടില്ലെന്നും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടായെന്നും അദ്ദേഹം പറയുന്നു. മികച്ച നർത്തകനായ ആർഎൽവി രാമകൃഷ്‌ണന്‍റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും വിജയാശംസകൾ നേർന്നു കൊണ്ടാണ് ശ്രീകുമാരൻ തമ്പി തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News