കേദാർനാഥ് എംഎൽഎ ഷൈലാറാണി റാവത്ത് അന്തരിച്ചു

ഡെറാഡൂൺ: കേദാര്‍നാഥ് നിയമസഭാ സീറ്റിൽ നിന്നുള്ള ബിജെപി എംഎൽഎ ഷൈലാറാണി റാവത്ത് (68) ചൊവ്വാഴ്ച രാത്രി അന്തരിച്ചു. വളരെക്കാലമായി അസുഖബാധിതയായിരുന്നു. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 10.35നായിരുന്നു അന്ത്യം.

കഴിഞ്ഞ രണ്ടു ദിവസമായി അവർ വെൻ്റിലേറ്ററിലായിരുന്നുവെന്ന് എം.എൽ.എയുടെ പേഴ്‌സണൽ സെക്രട്ടറി പാപേന്ദ്ര റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എംഎൽഎ ശൈലറാണി റാവത്തിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കേദാർനാഥ് നിയമസഭയിലെ ജനപ്രിയ എംഎൽഎ ഷൈലാറാണി റാവത്ത് ജിയുടെ വിയോഗത്തിൻ്റെ വേദനാജനകമായ വാർത്തയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. അവരുടെ വേർപാട് പാർട്ടിക്കും പ്രദേശത്തെ ജനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്. കർത്തവ്യത്തോടുള്ള അവരുടെ സമർപ്പണവും പൊതുസേവനത്തോടുള്ള അർപ്പണബോധവും എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎൽഎ ശൈലറാണി റാവത്ത് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏകദേശം മൂന്ന് വർഷത്തോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷം ആരോഗ്യവതിയായി അവർ രാഷ്ട്രീയത്തിൽ സജീവമായി. രണ്ട് മാസം മുമ്പ്, ഓംകാരേശ്വര്‍ ക്ഷേത്രത്തിൻ്റെ പടിക്കെട്ടിൽ നിന്ന് വീണ് അവര്‍ക്ക് വീണ്ടും പരിക്കേറ്റു. ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News