
മലപ്പുറം: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്കുപറ്റിയവർക്കും ഇതുവരെ നീതി ലഭ്യമായിട്ടില്ല. ദുരന്തത്തിൽ പരിക്ക്പറ്റി അതിഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്നു കുട്ടികളുടെ ചികിത്സയും ഭാവി കാര്യങ്ങളും ഇപ്പോഴും അവതാളത്തിലാണ്. ദുരന്തം നടന്നിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും പരിക്കുപറ്റിയവരുടെ അസുഖം ഭേദമായിയിട്ടില്ല. എന്നുമാത്രമല്ല, ഡോക്ടർമാരുടെ നിഗമന പ്രകാരം ആജീവനാന്ത ചികിത്സ ആവശ്യമുള്ള രീതിയിലാണ് നിലവിൽ പരിക്കുപറ്റിയ മൂന്നു കുട്ടികളുടെ കാര്യങ്ങൾ എന്നത് ഗൗരവമേറിയ കാര്യമാണ്.
ദുരന്തത്തിൽ ഗുരുതരമായി പരിക്കുപറ്റിയ മൂന്നു കുട്ടികളെ ഇപ്പോൾ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. നേരത്തെ അവർക്ക് സൗജന്യമായി ചികിത്സ വാഗ്ദാനം ചെയ്തവരും ചികിത്സ നൽകുന്നില്ല. പരിക്കുപറ്റിയവർക്ക് ജുഡീഷ്യൽ കമ്മീഷനിൽ സമീപിച്ച് നഷ്ടപരിഹാരത്തുക വാങ്ങാമെന്ന് സംസ്ഥാന നിയമസഭയിൽ മന്ത്രി ഉറപ്പുനൽകിയെങ്കിലും അതേ സർക്കാറിന്റെ വക്കീൽ തന്നെ ഈ കുട്ടികൾക്ക് ചികിത്സക്ക് പണം അനുവദിക്കാൻ ജുഡീഷ്യൽ കമ്മീഷന് അധികാരമില്ല എന്നാണ് വാദിച്ചത്. ഇങ്ങനെ വിചിത്രമായ തീരുമാനങ്ങൾ എടുത്ത് കുട്ടികളുടെ ചികിത്സ വൈകിപ്പിക്കുകയും അവർക്ക് നീതി നിഷേധിക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
താനൂർ ബോട്ടപകടത്തിൽ പരിക്കുപറ്റിയവർക്ക് വേണ്ടി 25 ലക്ഷം രൂപ ചെലവഴിക്കാൻ മലപ്പുറം ജില്ലാ കലക്ടർക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും ആ തുകയും ഈ പരിക്കുപറ്റിയവർക്ക് വേണ്ടി ഇതുവരെ ചെലവഴിച്ചിട്ടില്ല.
താനൂരിലെ ബോട്ട് ദുരന്തത്തിന്റെ കാരണങ്ങളുടെ ആകെത്തുക പരിശോധിച്ചാൽ അധികാര ദുർവിനിയോഗവും ഭരണകൂട കെടുകാര്യസ്ഥതയുമാണ് കാണാൻ കഴിയുക. ഭരണകൂട പാർട്ടികളുടെ പ്രാദേശിക നേതാക്കൾ മുതൽ മന്ത്രിമാർ വരെ അതിൽ പ്രതികളാണ്. ബോട്ട് നിർമാണം ആരംഭിച്ചത് മുതൽ അവസാന ട്രിപ്പിൽ വരെ അധികാര ബലത്തിൽ നിയമലംഘനം നടത്തിയതിന്റെ റിസൾട്ടാണ് കേരളത്തെ കണ്ണീരിലാഴ്ത്തിയ ബോട്ട് ദുരന്തം. ചെറിയ ചെലവിൽ വലിയ ലാഭമെന്ന ആർത്തിപൂണ്ട ചിന്തയാണ് ഈ പദ്ധതിയെ തുടക്കം മുതൽ നയിച്ചിട്ടുള്ളത്. ജനങ്ങളുടെ ജീവനോ സുരക്ഷയോ ബോട്ട് നിർമാണത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പരിഗണിച്ചിട്ടില്ല.
ബോട്ട് നിർമാണത്തിലെ അശാസ്ത്രീയത, ആളുകളെ അമിതമായി കുത്തിനിറച്ചുള്ള യാത്ര, ഡ്രൈവറുടെ പരിചയക്കുറവ്, ബോട്ടിന്റെ കേടുപാടുകൾ, പൂരപ്പുഴയുടെ ഭൗതിക പരിമിതികൾ തുടങ്ങിയവയാണ് ബോട്ട് അപകടത്തിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തിയിട്ടുള്ളത്. അധികാര ദുർവിനിയോഗവും ഭരണകൂടങ്ങളുടെ നിസ്സംഗതയും ബോട്ട് ഉടമസ്ഥരുടെ ലാഭക്കൊതിയും മതിയായ സുരക്ഷയൊരുക്കാതെയുള്ള യാത്രയുമെല്ലാം അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്.
അധികാര ദുർവിനിയോഗത്തിൽ പൊലിഞ്ഞുപോയ 22 ജീവനുകൾക്ക് നീതി ലഭിക്കണമെങ്കിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടിയും സ്വീകരിക്കണം.
നിലവിൽ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ല. ബോട്ട് അപകടം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുന്ന റിട്ടയേഡ് ജസ്റ്റിസ് മോഹനൻ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. കമ്മീഷന്റെ കാലാവധി കഴിഞ്ഞു വീണ്ടും ആറുമാസം കൂടി സമയം നീട്ടി നൽകിയിരിക്കുകയാണ്. ജുഡീഷ്യൽ അന്വേഷണത്തിന് പുറമെ ബോട്ടപകടം അന്വേഷിച്ച താനൂർ ഡിവൈഎസ്പി വിവി ബെന്നിയും സംഘവും സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രധാന പ്രതികളെ രക്ഷപ്പെടുത്തുന്നതാണ്. 85 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി 12 പേരെയാണ് കേസിൽ പ്രതി ചേർത്തത്. ബോട്ടുടമക്കും ബോട്ട് ജീവനക്കാർക്കും പുറമെ തുറമുഖ ഉദ്യോഗസ്ഥരായ രണ്ട് പേരെയുമാണ് പ്രതിചേർത്തത്. എന്നാൽ അധികാര ദുർവിനിയോഗത്തിന് നേതൃത്വം നൽകിയ മാരിടൈം സിഇഒ, മന്ത്രിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയ യഥാർത്ഥ പ്രതികളിലേക്ക് പോലീസ് അന്വേഷണം എത്തിയിട്ടില്ല. 13,186 പേജുകളുള്ള കുറ്റപത്രത്തിൽ 865 രേഖകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളുമുണ്ടെങ്കിലും യഥാർത്ഥ പ്രതികളായ രാഷ്ട്രീയ – ഉദ്യോഗസ്ഥ വിഭാഗത്തെ തൊടാത്ത കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
നിയമലംഘനങ്ങൾ കൊണ്ടും ജാഗ്രതയില്ലായ്മ കൊണ്ടും ഉണ്ടാവുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും അതിനുത്തരവാദിയായവർ തീർച്ചയായും മറുപടി പറയേണ്ടതുണ്ട്. നിയമങ്ങൾ കാറ്റിൽ പറത്തുന്നവർക്കെതിരെയും നിയമലംഘനത്തിനെതിരെ കണ്ണടക്കുന്നവർക്കെതിരെയും മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാവുന്ന സാഹചര്യം വന്നാലേ ഇത്തരം അപകടങ്ങളും മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവാതിരിക്കുകയുള്ളൂ.
അപകടത്തിന്റെ ഉത്തരവാദിത്വം ബോട്ട് ഉടമയിൽ ഒതുക്കി ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളെ വെൽഫെയർ പാർട്ടി ശക്തമായി എതിർക്കുന്നു. താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ സഹായം ലഭ്യമാക്കുന്നതിന് വെൽഫെയർ പാർട്ടി നിരന്തരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ദുരന്തത്തിന്റെ ഇരകളായി ഇന്നും ജീവിക്കുന്നവർക്ക് സൗജന്യ ചികിത്സയും അർഹമായ നഷ്ടപരിഹാരവും സർക്കാർ നൽകേണ്ടതുണ്ട്. പരിക്കേറ്റ മൂന്നു കുട്ടികൾക്കും അവരുടെ ജീവിതത്തിൽ എത്ര കാലം വരെ ചികിത്സ ആവശ്യമുണ്ടോ അത്രയും കാലം സർക്കാർ സൗജന്യ ചികിത്സ ഉറപ്പുവരുത്തണം. ഈ പരിക്കേറ്റ കുട്ടികളെ പരിചരിക്കുന്നത് കൊണ്ട് മാതാപിതാക്കൾക്ക് ജോലിക്ക് പോലും പോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ തന്നെ അവർക്ക് പ്രത്യേക നഷ്ടപരിഹാരവും പെൻഷൻ സ്‌കീമും ഏർപ്പെടുത്തണം.
അനധികൃത ബോട്ട് നിർമ്മാണത്തിനും ടൂറിസം പദ്ധതിക്കും ഒത്താശ ചെയ്ത രാഷ്ട്രീയ – ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതിചേർക്കുക, മരണപ്പെട്ടവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത്.
പത്രസമ്മേളനത്തിൽ പങ്കെടുത്തവര്‍:
കെവി സഫീർഷ (ജില്ലാ പ്രസിഡണ്ട്) | ഇബ്രാഹിം കുട്ടി മംഗലം (ജില്ലാ സെക്രട്ടറി) |
ശാക്കിർ മോങ്ങം (ജില്ലാ സെക്രട്ടറി) | അശ്‌റഫ് വൈലത്തൂർ (ജില്ലാ സെക്രട്ടറി) |
സിപി ഹബീബുറഹ്‌മാൻ (ജില്ലാ കമ്മിറ്റിയംഗം)