ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശയാത്രിക സുനിത വില്യംസും അവരുടെ ബഹിരാകാശ പങ്കാളിയായ വിൽമോർ ബുച്ചിനേയും മാർച്ച് അവസാന വാരത്തിലോ ഏപ്രിൽ ആദ്യ വാരത്തിലോ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് നാസ. കഴിഞ്ഞ വർഷം ജൂൺ മുതൽ ഇരുവരും ബഹിരാകാശ കേന്ദ്രത്തിലാണ്.
രണ്ട് ബഹിരാകാശയാത്രികരുടെയും തിരിച്ചുവരവിന് മാർച്ച് 19 എന്ന തീയതിയാണ് നാസ ഇപ്പോൾ പരിഗണിക്കുന്നത്. മാർച്ച് 19 ഓടെ ബഹിരാകാശ ഏജൻസി സുനിതയെയും വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നാസ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുമ്പ് പ്രഖ്യാപിച്ച സമയപരിധിയേക്കാൾ ഏകദേശം രണ്ടാഴ്ച നേരത്തേയാണ്.
സുനിത വില്യംസിന്റെയും വിൽമോറിന്റെയും തിരിച്ചുവരവിലെ ഈ മാറ്റം സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യത്തിനായുള്ള ബഹിരാകാശ പേടക നിയമനത്തിലെ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂൺ ആദ്യ വാരത്തിൽ സുനിത ബഹിരാകാശത്തേക്ക് പോയത് ഒരാഴ്ചത്തേക്ക് മാത്രമായിരുന്നു. പക്ഷേ അവരുടെ ബഹിരാകാശ പേടകത്തിന് സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നതുമൂലം ഇരുവരുടെയും തിരിച്ചുവരവ് മാറ്റിവച്ചു. പിന്നീട്, ഇരുവരുടെയും തിരിച്ചുവരവ് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചു.
വിൽമോറും വില്യംസും സ്‌പേസ് എക്‌സ് ക്രൂ-9 കാപ്‌സ്യൂളിലായിരിക്കും തിരിച്ചെത്തുക. സെപ്റ്റംബർ 29 മുതൽ ഇത് ബഹിരാകാശ നിലയത്തിലുണ്ട്. എന്നാൽ, ക്രൂ-10 ബഹിരാകാശ നിലയത്തിൽ എത്തുന്നതുവരെ ക്രൂ-9 ന് അവിടെ നിന്ന് ഭൂമിയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് നാസ പറഞ്ഞു. സുനിതയെയും വിൽമോറിനെയും ബഹിരാകാശത്ത് നിന്ന് ഉടൻ തിരികെ കൊണ്ടുവരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഇലോൺ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം, മുന്‍ പ്രസിഡന്റ് ജോ ബൈഡനാണ് രണ്ട് ബഹിരാകാശയാത്രികരെയും ബഹിരാകാശത്ത് കുടുക്കിയതെന്നും ട്രംപ് ആരോപിച്ചു.
ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഈ അടിയന്തര പദ്ധതി ആരംഭിച്ചിരുന്നുവെന്നും, അടുത്തിടെയാണ് ഇതിന് അനുമതി ലഭിച്ചതെന്നും നാസ വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ചത്തെ പ്രഖ്യാപനം പ്രസിഡന്റിന്റെ രാഷ്ട്രീയ വിജയമായാണ് കണക്കാക്കുന്നത്. ബഹിരാകാശത്ത് കുടുങ്ങിയ രണ്ട് ബഹിരാകാശയാത്രികരെ എത്രയും വേഗം തിരിച്ചുകൊണ്ടുവരാൻ ട്രംപ് സ്‌പേസ് എക്‌സിനോട് ആവശ്യപ്പെട്ടതായി ജനുവരി 28 ന് മസ്‌ക് ‘എക്‌സിൽ’ പോസ്റ്റ് ചെയ്തിരുന്നു. തന്റെ കമ്പനി അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. ബൈഡൻ ഭരണകൂടം അവരെ ഇത്രയും കാലം ബഹിരാകാശത്ത് ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്ക് കൂട്ടിച്ചേർത്തു.
ട്രൂത്ത് സോഷ്യൽ എന്ന ചാനലിലെ ഒരു പോസ്റ്റിലൂടെ ഡൊണാൾഡ് ട്രംപ് പദ്ധതി സ്ഥിരീകരിച്ചു. “ബൈഡൻ ഭരണകൂടം ബഹിരാകാശത്ത് ഉപേക്ഷിച്ച രണ്ട് ധീരരായ ബഹിരാകാശയാത്രികരെ തിരികെ കൊണ്ടുവരാൻ ഞാൻ ഇലോൺ മസ്‌കിനോടും സ്‌പേസ് എക്‌സിനോടും ആവശ്യപ്പെട്ടു,” അദ്ദേഹം എഴുതി. അവർ നിരവധി മാസങ്ങളായി കാത്തിരിക്കുകയാണ്. എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.