വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്മാരുടെയോ ഇസ്രായേൽ പോലുള്ള യുഎസ് സഖ്യകക്ഷികളുടെയോ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അന്വേഷണങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾക്കെതിരെ സാമ്പത്തിക, യാത്രാ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികൾ” എന്ന് ആരോപിച്ചാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ഉപരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ചത്.
അമേരിക്കൻ പൗരന്മാരുടെയോ സഖ്യകക്ഷികളുടെയോ ഐസിസി അന്വേഷണങ്ങളിൽ സഹായിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക, വിസ നിയന്ത്രണങ്ങൾ ഈ നടപടി ഏർപ്പെടുത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഈ ഉത്തരവില്‍ ഒപ്പു വെച്ചത്.
കഴിഞ്ഞ നവംബറിൽ ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിൽ ഐസിസി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത് ശ്രദ്ധേയമാണ്.
ഐസിസിക്കെതിരെ ഉപരോധങ്ങൾ ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നതാണെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.