നവകേരള നിർമ്മാണത്തിന് ആവേശകരമായ ഉത്തേജനം നൽകുന്നതാണ് ബജറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ലക്ഷ്യമായ നവകേരള നിർമ്മാണത്തിന് ആവേശകരമായ പുതിയൊരു പ്രചോദനം നൽകുന്ന ഒരു സൃഷ്ടിപരമായ ഇടപെടലാണ് കേരളത്തിന്റെ ഈ വാർഷിക പൊതുബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ, കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനം ഉണ്ടായിരുന്നിട്ടും, കഠിനാധ്വാനത്തിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിത ക്ഷേമത്തെയും ശക്തിപ്പെടുത്തുകയും അത് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹ്രസ്വകാല ക്ഷേമ സഹായത്തിനും ദീർഘകാല വികസനത്തിനും ഊന്നൽ നൽകുന്നു. ജനങ്ങളുടെ ഉപജീവനമാർഗ്ഗത്തിന് വിട്ടുവീഴ്ച ചെയ്യാതെ വിഭവങ്ങൾ സമാഹരിക്കുന്നു. വിഭവ സമാഹരണത്തിനായി പുതിയ മേഖലകൾ തിരിച്ചറിയുന്നു.

അർഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നു ഈ ബജറ്റ്. വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിർമ്മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ വെച്ചിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുന്നതിനും സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളത്.

കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പർശിക്കുന്നതും സമതുലിതമായ ഉണർവ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദൽ വിഭവസമാഹണത്തിന്റെ വഴികൾ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിർഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News