കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക്-വ്യാവസായിക സഹകരണത്തിലൂടെ യുവാക്കളെ തൊഴിൽ യോഗ്യരാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അക്കാദമിക് മികവിനൊപ്പം വ്യാവസായിക സഹകരണത്തിനും പരിശീലനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് തൊഴിൽ വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളെ സജ്ജമാക്കുകയാണ് കേരളത്തിന്റെ സംരംഭങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ എപിജെ അബ്ദുൾ കലാം സർവകലാശാലയുടെ എമർജിംഗ് ടെക്നോളജി ഫോർ ഇന്റലിജന്റ് സിസ്റ്റംസ് എന്ന ആദ്യ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വളർന്നുവരുന്ന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന അവസരങ്ങളോട് കേരളം മുൻകൈയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സ്മാർട്ട് സിറ്റികളും ബുദ്ധിപരമായ ഗതാഗതവും മുതൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യകളും സൈബർ സുരക്ഷയും വരെയുള്ള വിഷയങ്ങൾ സുസ്ഥിരവും നൂതനവുമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും ക്യാമ്പസിലെ വ്യവസായവും പോലുള്ള കേരളത്തിന്റെ ആശയങ്ങൾ സംസ്ഥാനത്തിന്റെ വികസനവും വിദ്യാർത്ഥികളുടെ സംരംഭകത്വ പരിശീലനവും ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ എമേർജിംഗ് ടെക്നോളജി ഫോർ ഇന്റലിജന്റ് സിസ്റ്റംസ് ഇന്റർനാഷണൽ കോൺഫറൻസ് വിദ്യാഭ്യാസം, വ്യവസായം, വികസനം എന്നിവയിലേക്കുള്ള സമീപനത്തെ പുനർനിർവചിക്കുന്നു. ഇന്റലിജന്റ് സിസ്റ്റംസ് മേഖലയിലെ പ്രമുഖ ഗവേഷകരെയും വിദ്യാർത്ഥികളെയും സംരംഭകരെയും ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഗവേഷണത്തിനും പ്രയോഗത്തിനും ഇടയിലുള്ള വിടവ് നികത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം എൽ എമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ ബി സതീഷ് വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ്, കൺവീനർ ഡോ. വിനോദ് കുമാർ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

ഫെബ്രുവരി 9 വരെ നടക്കുന്ന കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഐഒടി മുതൽ സ്മാർട്ട് ടെക്‌നോളജീസ്, റോബോട്ടിക്സും ഓട്ടോമേഷനും, ഇന്റലിജന്റ്  ട്രാൻസ്പോർട്ടേഷൻ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ് എന്നിവയടക്കമുള്ള വിവിധ വിഷയങ്ങൾ പ്രതിപാദിക്കും. വ്യവസായ സെഷനുകൾ, പാനൽ ചർച്ചകൾ, സംരംഭക പ്രദർശനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട 110 ഓളം പേപ്പറുകളുടെ അവതരണം എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടക്കും.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News