ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റ്നോടുള്ള പ്രതിബദ്ധതയ്ക്കും, പിന്തുണയ്ക്കും അംഗീകാരമായി ഏഷ്യാനെറ്റ് യു എസ് എ അവതാരകനും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ പി സി എൻ എ) ഹൂസ്റ്റൺ ചാപ്റ്റർ ജോയിൻറ് സെക്രട്ടറിയുമായ സജി പുല്ലാടിന് 2024ലെ മാഗിന്റെ ഏറ്റവും വലിയ അംഗീകാരം ലഭിച്ചു.
കേരളാ ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ മുൻ പ്രസിഡണ്ടും, ഇപ്പോൾ ട്രസ്റ്റീ ബോർഡ് അംഗവുമായ മാത്യൂസ് മുണ്ടയ്ക്കലിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
മാഗിന്റെ വിവിധ കലാ, കായികമേളകളിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം വിവിധ പരിപാടികളുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
2024ലെ മാഗിന്റെ ഓണാഘോഷ പരിപാടിയിൽ പ്രസിഡണ്ട്, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, വനിതാ ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവരുടെ പേരുകൾ കോർത്തിണക്കി തയ്യാറാക്കിയ ഒരു ഗാനം വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ഒരു സംഘം പ്രവർത്തകരുമായി സ്റ്റേജിൽ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നു.
ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ തനിക്ക് തികച്ചും അഭിമാനം ഉണ്ടെന്നും, തുടർന്നും മാഗിന്റെ എല്ലാവിധമായ പ്രവർത്തനങ്ങളോടും സഹകരിക്കുമെന്നും, എല്ലാ ഭാരവാഹികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.