വാഷിംഗ്ടണ്‍: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ ഓവൽ ഓഫീസിൽ മാധ്യമ പ്രവർത്തകരുടെ സംഘം രണ്ട് നേതാക്കളോടും നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. അവയ്‌ക്കെല്ലാം ഉത്തരവും ലഭിച്ചു. എന്നാൽ, ഈ സമയത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചയും നടന്നു.
മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കിടെ തങ്ങളുടെ പത്രപ്രവർത്തകനെ ഓവൽ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എപി) ആരോപിച്ചു. ഏജൻസിയുടെ അഭിപ്രായത്തിൽ, യുഎസ് ഭരണകൂടം അവരുടെ പത്രപ്രവർത്തകന്‍ സെക്കെ മില്ലറിന് ക്ഷണം അയച്ചിരുന്നില്ല. എപി ഇതിനെ നിർഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്. സെക്കെ മില്ലർ എപിയുടെ ചീഫ് വൈറ്റ് ഹൗസ് ലേഖകനാണ്.
ഇത് മൂന്നാം തവണയാണ് ഒരു അസോസിയേറ്റഡ് പ്രസ് പത്രപ്രവർത്തകന് ട്രംപിന്റെ ഓഫീസിൽ പ്രവേശനം നിഷേധിക്കുന്നത്. ചൊവ്വാഴ്ച നടന്ന എക്സിക്യൂട്ടീവ് ഓർഡർ ഒപ്പിടൽ ചടങ്ങിലും ബുധനാഴ്ച നടന്ന ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും എപിയുടെ ലേഖകന് പ്രവേശനം വിലക്കിയിരുന്നു. ഓവൽ ഓഫീസിൽ ഏത് പത്രപ്രവർത്തകൻ വരണം, ഏത് പത്രപ്രവര്‍ത്തകന്‍ വരേണ്ട എന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു.
ട്രംപ് പ്രസിഡന്റായപ്പോൾ, മെക്സിക്കോ ഉൾക്കടലിനെ അമേരിക്കയുടെ ഉൾക്കടൽ എന്ന് വിളിച്ചിരുന്നു. എന്നാല്‍, അസ്സോസിയേറ്റഡ് പ്രസ് ആകട്ടേ അതിനെ മെക്സിക്കോ ഉൾക്കടൽ എന്നാണ് വിളിച്ചത്. അതിനുശേഷം, ട്രംപിനെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരെയും ഇത് സംബന്ധിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിൽ രോഷാകുലരായ ട്രംപ് ഭരണകൂടം അസ്സോസിയേറ്റഡ് പ്രസ് ലേഖകന് പ്രവേശനം വിലക്കി.
ഈ വിഷയത്തിൽ എപി എക്സിക്യൂട്ടീവ് എഡിറ്റർ ജൂലി പേസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന് ഒരു കത്ത് എഴുതിയിട്ടുണ്ട്. സർക്കാരിന്റെ തീരുമാനത്തിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും എന്നാൽ, ചോദ്യങ്ങൾ ചോദിക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും പേസ് പറയുന്നു.
1846-ൽ സ്ഥാപിതമായ അസോസിയേറ്റഡ് പ്രസ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത ഏജൻസിയാണ്.