വാഷിംഗ്ടണ്‍: യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലേക്ക് തിരിച്ചു. നേരത്തെ അദ്ദേഹം വാഷിംഗ്ടണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 26/11 മുംബൈ ആക്രമണ കുറ്റവാളി തഹാവൂർ റാണയെ കൈമാറൽ, റഷ്യ-ഉക്രെയ്ൻ യുദ്ധം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങൾ ഇരുവരും ചര്‍ച്ച ചെയ്തു. അക്കൂട്ടത്തില്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കള്‍ ചർച്ച ചെയ്തു.
ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ നടക്കുന്ന രാഷ്ട്രീയ പ്രക്ഷുബ്ധതയെക്കുറിച്ച് സംസാരിക്കവെ, അമേരിക്കൻ ഡീപ് സ്റ്റേറ്റിന് ബംഗ്ലാദേശിൽ ഒരു പങ്കുമില്ലെന്നും, പ്രധാനമന്ത്രി മോദി ആ പ്രശ്നം വിദഗ്ധമായി കൈകാര്യം ചെയ്യുമെന്നു ട്രംപ് ഊന്നിപ്പറഞ്ഞു.
ബംഗ്ലാദേശിലെ അധികാര മാറ്റത്തെക്കുറിച്ച് ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞു, “ബംഗ്ലാദേശിനെക്കുറിച്ച് നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്. കാരണം, ബൈഡൻ ഭരണകാലത്ത് അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് അവിടെ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ കണ്ടു, അത് വ്യക്തമായി കാണാം. ബംഗ്ലാദേശിനെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?” ഈ ചോദ്യത്തിന് മറുപടിയായി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു പങ്കുമില്ല എന്നാണ്.
“നോക്കൂ… നമ്മുടെ ഡീപ്പ് സ്റ്റേറ്റിന് ഒരു പങ്കുമില്ല. പ്രധാനമന്ത്രി വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും വർഷങ്ങളായി അതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു വിഷയമാണിത്. ഇപ്പോൾ ഞാൻ ബംഗ്ലാദേശിനെ പ്രധാനമന്ത്രി മോദിയുടെ കൈകളിൽ ഏൽപ്പിക്കുന്നു,” ട്രംപ് നയം വ്യക്തമാക്കി. പ്രസിഡന്റ് ട്രംപ് ഇത് പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ മാസം ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് ധാക്കയിൽ അലക്സ് സോറോസുമായി സംസാരിച്ചിരുന്നു. മുഹമ്മദ് യൂനുസിനെ മനുഷ്യാവകാശങ്ങളുടെ ചാമ്പ്യൻ എന്നാണ് അലക്സ് സോറോസ് വിശേഷിപ്പിച്ചത്. ജോർജ്ജ് സോറോസിന്റെ മകനും അദ്ദേഹത്തിന്റെ സമ്പന്നമായ എൻജിഒ ആയ ദി ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ചെയർമാനുമാണ് അലക്സ് സോറോസ്. ബംഗ്ലാദേശിൽ അധികാരമാറ്റം കൊണ്ടുവന്നതായി ജോർജ്ജ് സോറോസിനെതിരെ ആരോപിക്കപ്പെടുന്നു. എന്നാൽ, ഡൊണാൾഡ് ട്രംപ് ബംഗ്ലാദേശിനോട് കർശനമായ വിദേശനയമാണ് പിന്തുടരുന്നത്. അധികാരത്തിൽ വന്ന ഉടനെ, യുഎസ്എഐഡി വഴി ബംഗ്ലാദേശിനുള്ള അമേരിക്കൻ സഹായം അദ്ദേഹം നിർത്തുകയും ചെയ്തു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഈ ചർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ബംഗ്ലാദേശിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായും ഇന്ത്യ ഈ സാഹചര്യത്തെ എങ്ങനെ കാണുന്നുവെന്നും അദ്ദേഹത്തോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും തമ്മിലുള്ള ചർച്ചാ വിഷയമാണെന്ന് മിസ്രി പറഞ്ഞു. “ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യ അതിനെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി തന്റെ കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവെച്ചു,” അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ക്രിയാത്മകവും സുസ്ഥിരവുമായ രീതിയിൽ മുന്നോട്ട് പോകാൻ കഴിയുന്ന ഒരു ദിശയിലേക്ക് നീങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.