ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാക്കാനാവൂ: കാന്തപുരം

മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി; കർമവീഥിയിലേക്ക് 509 സഖാഫി പണ്ഡിതർ

മർകസ് വാർഷിക സനദ് ദാന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

കോഴിക്കോട്: മർകസ് വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 509 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹ് തുർമുദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തി. ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ എന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ലഹരി ഉപയോഗവും റാഗിങും വ്യാപകമായതിന് പിന്നിൽ ലിബറൽ ആശയങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അവബോധവും ധാർമിക മൂല്യങ്ങളും പുതുതലമുറ വിദ്യാർഥികളെ അഭ്യസിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പും മുന്നോട്ട് വരേണ്ടതുണ്ടെന്നും പാഠ്യ പദ്ധതിയിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച സനദ്‌ദാന സമാപന സമ്മേളനത്തിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമർ ബിൻ ഹഫീള് മുഖ്യാതിഥിയായി. ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നിർവഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. കർമരംഗത്തേക്കിറങ്ങുന്ന മതപണ്ഡിതർക്കുള്ള ബിരുദദാനവും വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ദേശീയ തലത്തിൽ വിദ്യാഭ്യാസ പ്രവർത്തങ്ങളിൽ മാതൃക സൃഷ്ടിച്ച പ്രമുഖർക്ക് നൽകുന്ന പ്രഥമ ശാഹുൽ ഹമീദ് ബാഖവി മെമ്മോറിയൽ നാഷണൽ സോഷ്യൽ ഡവലപ്മെന്റ് അവാർഡ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന .റാസ അക്കാദമി മേധാവി മൗലാനാ മുഹമ്മദ് സഈദ് നൂരിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു.

മർകസ് വാർഷിക സനദ് ദാന പൊതുസമ്മേളനം താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹ് തുർമുദി ഉദ്‌ഘാടനം ചെയ്യുന്നു.

രാവിലെ പത്തുമുതൽ എഡ്യൂ സിമ്പോസിയം, ഹദീസ് കോൺഫറൻസ്, സഖാഫി ശൂറ കൗൺസിൽ, സ്ഥാനവസ്‌ത്ര വിതരണം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. ടി അബൂബക്കർ സംസാരിച്ചു. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും പി മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, അബ്‌ദുറഹ്‌മാൻ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, മൻസൂർ ഹാജി ചെന്നൈ, എൻ അലി അബ്ദുല്ല, അബ്‌ദുറഹ്‌മാൻ ദാരിമി കൂറ്റമ്പാറ, അബ്ദുൽ മജീദ് കക്കാട്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സമസ്ത നേതാക്കൾ, സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ദേശീയ-അന്തർദേശീയ അതിഥികൾ സംബന്ധിച്ചു.

മർകസ് വാർഷിക സനദ് ദാന പൊതുസമ്മേളനത്തിനെത്തിയ ജനങ്ങൾ

സമ്മേളനത്തിന്റെ ഭാഗമായ ഖത്മുൽ ബുഖാരി വൈജ്ഞാനിക സംഗമം ഇന്ന്(തിങ്കൾ) രാവിലെ നടക്കും. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരിക ഇസ്‌ലാമിക ഗ്രന്ഥമെന്ന വിശേഷണമുള്ള സ്വഹീഹുൽ ബുഖാരിയുടെ അധ്യാപന രംഗത്ത് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ 60 വർഷം പിന്നിട്ട സവിശേഷ മുഹൂർത്തത്തിൽ നടക്കുന്ന ഖത്മുൽ ബുഖാരി സംഗമത്തെ ഏറെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകവും സ്നേഹജനങ്ങളും കാണുന്നത്. വിശ്വപ്രസിദ്ധ പണ്ഡിതരും സാദാത്തുക്കളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും പങ്കെടുക്കുന്ന ഈ വൈജ്ഞാനിക സംഗമം കാന്തപുരത്തിന് നൽകുന്ന ആദരം കൂടിയാവും.

Print Friendly, PDF & Email

Leave a Comment

More News