ഗോവ: 2017-ൽ ഐറിഷ്-ബ്രിട്ടീഷ് പൗരയായ ഡാനിയേൽ മക്ലൗളിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 31 പ്രദേശവാസിയായ 31-കാരന്‍ വികാത് ഭഗത്തിന് ഗോവ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതോടൊപ്പം തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് പിഴയും ചുമത്തിയിട്ടുണ്ട്. 2017 മാർച്ച് 14 ന് ദക്ഷിണ ഗോവയിലെ കാനകോണ ഗ്രാമത്തിലെ വനപ്രദേശത്ത് നിന്നാണ് 28 കാരിയായ വിദേശ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിയായ വികാത് ഭഗത്തിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
ഇന്ന് (തിങ്കളാഴ്ച) ജില്ലാ സെഷൻസ് ജഡ്ജി ക്ഷമ ജോഷി വികാത് ഭഗതിന് കഠിനതടവ് ഉൾപ്പെടെയുള്ള ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബലാത്സംഗത്തിനും കൊലപാതകത്തിനും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയും വിധിച്ചു. തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും വിധിച്ചെന്ന് ഇരയുടെ അമ്മ ആൻഡ്രിയ ബ്രാനിഗന്റെ അഭിഭാഷകൻ വിക്രം വർമ്മ പറഞ്ഞു, രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്.
“ഡാനിയേലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്ന നിലയിൽ, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളായ എല്ലാവരോടും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്, അവരെ സ്വന്തം മകളെപ്പോലെ കാണുകയും അവർക്കുവേണ്ടി അക്ഷീണം പോരാടുകയും ചെയ്തവരാണിവർ,” ഭഗതിനെ ശിക്ഷിച്ചതിന് ശേഷം ഇരയുടെ കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടതിൽ നന്ദിയുള്ളവരാണെന്നും ഡാനിയേലിനെ തങ്ങളിൽ നിന്ന് അകറ്റിയതിന് വികാത് ഭഗത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു. സൂക്ഷ്മമായ അന്വേഷണം മൂലം കുറ്റവാളിക്ക് ശിക്ഷ ലഭിച്ചതായി കേസ് അന്വേഷിച്ച പോലീസ് ഇൻസ്പെക്ടർ ഫിലോമിന കോസ്റ്റ പറഞ്ഞു.
ഗോവ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ, വടക്കുപടിഞ്ഞാറൻ അയർലണ്ടിലെ ഡൊണഗൽ സ്വദേശിനിയായ ഡാനിയേൽ 2017 മാർച്ചിൽ ഗോവ സന്ദർശിക്കുന്നതിനിടെയാണ് ഭഗത് അവരുമായി സൗഹൃദത്തിലായത് എന്ന് പറയുന്നു. ഡാനിയെലിനോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ചതിന് ശേഷമാണ് അയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. കുറ്റപത്രം അനുസരിച്ച്, ഡാനിയേലയെ കല്ലുകൊണ്ട് ആക്രമിക്കുകയും, അത് അവരുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. തലയിലും മുഖത്തും മുറിവുകളോടെ, വസ്ത്രമില്ലാതെ, രക്തത്തിൽ കുളിച്ച നിലയിൽ ഒരു വനപ്രദേശത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.