പത്തനംതിട്ട: മാലിന്യമുക്ത നവകരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ടത്തിന് ആറന്മുളയിലും സീതത്തോടും തുടക്കമായി. സീതത്തോട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദും ആറന്മുളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി റ്റോജിയും നിർവഹിച്ചു.
പുഴകൾ പൈതൃക സമ്പത്തും ജീവവാഹിനിയുമാണെന്ന് വരും തലമുറയെ ഓർമിപ്പിക്കാനും അവരിൽ ജല സ്രോതസുകളുടെ സംരക്ഷണത്തിനായുള്ള അവബോധം വളർത്തുവാനും പദ്ധതി പ്രയോജനകരമാകുമെന്ന് പി ആർ പ്രമോദ് പറഞ്ഞു. നീർച്ചാലുകളെ പൂർണമായി മാലിന്യ മുക്തമാക്കി തുടർമലിനീകരണം തടയുവാനായി ഹരിത കേരള മിഷനുമായി ചേർന്നാണ് പദ്ധതി നടത്തുന്നത്. സീതക്കുഴി കൈത്തോട്ടിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി അധ്യക്ഷയായി. ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ലക്ഷ്മി പദ്ധതി വിശദീകരിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്തിലെ മണപ്പള്ളി വാട്ടർ ടാങ്ക് പുത്തൻപറമ്പിൽപടി തോടിന് സമീപം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ് പദ്ധതി വിശദീകരണം നടത്തി. ക്യാമ്പയിനിന്റെ ഭാഗമായി കയർ ഭൂവസ്ത്രം വിരിച്ചു 650 മീറ്ററോളം തോട് നവീകരിച്ചു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍