വാഷിംഗ്ടണ്‍: ഫെബ്രുവരി 13 ന് വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ടംപ് പ്രതികാര തീരുവകൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യമാണെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയോട് പറഞ്ഞതായി ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. മസ്കിന് ഇന്ത്യയിൽ കാറുകൾ വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിൽ ട്രംപ് അതൃപ്തനാണെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പ്രകടമായിരുന്നു. താരിഫ് ഒഴിവാക്കാൻ മസ്കിന്റെ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ ഒരു ഫാക്ടറി തുറന്നാൽ അത് അമേരിക്കയോടുള്ള വഞ്ചനയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. താരിഫ് വർധനവിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കിടെയാണ് ട്രംപിന്റെ പ്രസ്താവന.
ലോകത്തിലെ എല്ലാ രാജ്യങ്ങളും നമ്മളെ മുതലെടുക്കുന്നുവെന്നും, അവർ താരിഫ് ചുമത്തിയാണ് അത് ചെയ്യുന്നതെന്നുമാണ് ട്രംപിന്റെ ആരോപണം. ഉദാഹരണത്തിന്, ഇന്ത്യയിൽ ഒരു കാർ വിൽക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്നും ട്രംപ് പറഞ്ഞു. മസ്‌ക് ഇന്ത്യയിൽ ഒരു ഫാക്ടറി പണിയുകയാണെങ്കിൽ കുഴപ്പമില്ല, പക്ഷേ അത് നമ്മളോട് ചെയ്യുന്ന അനീതിയായിരിക്കും. അത് വളരെ അന്യായമാണ്. ഈ സമയത്ത്, ഇലോൺ മസ്‌കും ട്രംപിനോടൊപ്പം ഉണ്ടായിരുന്നു. ഗവണ്മെന്റ് കാര്യക്ഷമതാ വകുപ്പിന്റെ തലവൻ കൂടിയാണ് മസ്‌ക് എന്ന് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ‘ടെസ്‌ല’ ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് നിയമനം പ്രഖ്യാപിച്ചു. അതിൽ ‘ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്’, ‘കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്’ എന്നിവ ഉൾപ്പെടുന്നു. കമ്പനി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം കാണപ്പെടുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ജോലി നിയമന അപേക്ഷ പ്രകാരം, ഈ തസ്തികകൾ ‘മുംബൈ’യിലേക്കുള്ളതാണ്.
അഭിമുഖത്തിനിടെ, താരിഫ് വിഷയം മോദിയുമായി ചർച്ച ചെയ്തതായി ട്രംപ് പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ഞാൻ പ്രധാനമന്ത്രി മോദിയോട് പറഞ്ഞു… നിങ്ങൾ ഇത് ചെയ്യണം. ഞങ്ങൾ നിങ്ങളോട് വളരെ നീതിപൂർവ്വം പെരുമാറും.” ഇന്ത്യ ചുമത്തുന്ന താരിഫ് 36 ശതമാനമാണോ എന്ന് ട്രംപിനോട് ചോദിച്ചപ്പോൾ. അത് വളരെ കൂടുതലാണെന്ന് ട്രംപ് പറഞ്ഞു.
പ്രതികാര നടപടിയായി തീരുവകൾ ഏർപ്പെടുത്തുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഞങ്ങൾ തുല്യ താരിഫ് ചുമത്തും. നിങ്ങൾ ഞങ്ങളിൽ നിന്ന് എന്ത് താരിഫ് ഈടാക്കിയാലും, ഞങ്ങൾ നിങ്ങളിൽ നിന്ന് അതേ നിരക്ക് ഈടാക്കും. ട്രംപിന്റെ അഭിപ്രായത്തോട് യോജിച്ച് മസ്‌കും പറഞ്ഞു അത് ശരിയാണെന്ന്.