വാഷിംഗ്ടണ്‍: ബൈഡൻ ഭരണകൂടത്തിനെതിരെ വീണ്ടും ആക്രമണം അഴിച്ചുവിട്ട് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ അമേരിക്കയുടെ 21 മില്യൺ ഡോളർ ചെലവഴിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അവർ മറ്റൊരാളെ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മൾ ഇന്ത്യൻ സർക്കാരിനോട് പറയണം… ഇതൊരു വലിയ മാറ്റമാണ്. മിയാമിയിൽ നടന്ന ഒരു ഉച്ചകോടിയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) 21 മില്യൺ ഡോളർ സംഭാവന ചെയ്തതായി ഒരു യുഎസ് ഗവൺമെന്റ് ഏജൻസി അടുത്തിടെ വെളിപ്പെടുത്തിയ സമയത്താണ് ട്രംപിന്റെ ഈ പ്രസ്താവന. ട്രംപിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് കാര്യക്ഷമതാ വകുപ്പ് (DOGE) ഈ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ഈ തുക ഇപ്പോൾ റദ്ദാക്കിയതായും അറിയിച്ചു.
DOGE-ന്റെ നീക്കത്തെ പിന്തുണച്ച ട്രംപ്, ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് അമേരിക്കൻ നികുതിദായകരുടെ പണം എന്തിനാണ് ചെലവഴിക്കുന്നതെന്ന് ചോദിച്ചു. ഇന്ത്യയ്ക്ക് ധാരാളം പണമുണ്ടെന്നും, ലോകത്തിലെ ഏറ്റവും കൂടുതൽ നികുതി പിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. അവിടെ നികുതി വളരെ കൂടുതലായതിനാൽ ഞങ്ങൾക്ക് അവിടെ എളുപ്പത്തിൽ പ്രവേശിക്കാൻ പോലും കഴിയില്ല. “ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് ഇന്ത്യയിൽ വോട്ടർമാരുടെ എണ്ണം കൂട്ടാന്‍ അമേരിക്കന്‍ നികുതിദായകരുടെ 21 മില്യൺ ഡോളർ നൽകുന്നത്? അമേരിക്കയിൽ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?,” അദ്ദേഹം ചോദിച്ചു.
ഒരു മാസത്തിനുള്ളിൽ 55 ബില്യൺ ഡോളർ ലാഭിച്ചതായി പറഞ്ഞുകൊണ്ട്, DOGE എടുത്ത തീരുമാനങ്ങളെ ട്രംപ് ന്യായീകരിച്ചു. അത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്നും സൂചന നൽകി. “കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഞങ്ങൾ USAID-യുടെ ഒരു പ്രധാന ഭാഗം അവസാനിപ്പിച്ചു. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് USAID വഴി അമേരിക്കയിലെ അദ്ധ്വാനിക്കുന്ന പൗരന്മാരുടെ നികുതിപ്പണം നല്‍കുന്ന രീതി ഇതോടെ അവസാനിച്ചു. ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഇന്ത്യക്ക് പണം നല്‍കുന്നത് റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.