ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആർട്സൺ ഗ്രൂപ്പ് കൊച്ചിയിൽ നിക്ഷേപം നടത്താനും വ്യാവസായിക കുതിച്ചുചാട്ടത്തിന് നേതൃത്വം നൽകാനും താൽപര്യം പ്രകടിപ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
300 കോടി രൂപയുടെ പദ്ധതിക്കായി ഗ്ലോബൽ സമ്മിറ്റിൽ ആർട്സൺ ഗ്രൂപ്പും മലബാർ സിമന്റ്‌സും ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. പദ്ധതിയുടെ ഭാഗമായി 100 ടണ്ണിൽ താഴെ ശേഷിയുള്ള ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കും. ആർട്സൺ ഗ്രൂപ്പ് സിഇഒ ശശാങ്ക് ഝായും മലബാർ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടർ ചന്ദ്ര ബോസും ചേര്‍ന്നാണ് സംയുക്ത പദ്ധതി പ്രഖ്യാപിച്ചത്.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് മലബാർ സിമന്റ്‌സ് പാട്ടത്തിനെടുത്ത ഏഴ് ഏക്കർ സ്ഥലത്താണ് ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ തലത്തിലുള്ള ചർച്ചകൾക്ക് ശേഷം പദ്ധതി ആരംഭിക്കും. ബോട്ടുകൾ തുടക്കത്തിൽ വാട്ടർ മെട്രോയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് സിഇഒയും മാനേജിംഗ് ഡയറക്ടറും പറഞ്ഞു. ഭാവിയിൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണനയിലുണ്ട്.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍