തരൂരിന്റെ ഓരോ തമശകള്‍! (ലേഖനം): രാജു മൈലപ്ര

‘അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കക്ക് വായില്‍ പുണ്ണ്’ എന്നു പറഞ്ഞതുപോലെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ. അടുത്തു വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിലും അസംബ്ലി ഇലക്ഷനിലും അധികാര ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും അവര്‍ക്ക് അനുകൂലമാണ്. അതവരുടെ മേന്മ കൊണ്ടൊന്നുമല്ല. ഇപ്പോള്‍ നിലവിലുള്ള ഭരണവിരുദ്ധ വികാരം മൂലമാണ്.

അനുയായികളേക്കാള്‍ ഏറെ നേതാക്കന്മാരുള്ള ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതാണ് പ്രശ്നം. ഭരിക്കുവാനുള്ള ഭൂരിപക്ഷം ഏതാണ്ട് ഉറപ്പാണ് എന്നൊരു തോന്നല്‍ ഉണ്ടായപ്പോള്‍ തുടങ്ങിയതാണ് ‘ആരു മുഖ്യമന്ത്രിയാകും’ എന്നൊരു ചര്‍ച്ച. ഒളിഞ്ഞും തെളിഞ്ഞും പലരും കളത്തിലിറങ്ങിയിട്ടുണ്ട്.

സ്വാഭാവികമായും താനാണ് ആ പദവിക്ക് അര്‍ഹനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കരുതുന്നു. വളരെ ചെറുപ്പം മുതലേ കെ.പി.സി.സി. പ്രസിഡണ്ട്, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളെല്ലാം വഹിച്ചിട്ടുള്ള താനാണ് ആ സിംഹാസനത്തില്‍ ആസനസ്ഥനാകുവാന്‍ പരമയോഗ്യനെന്ന് രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. ‘എന്നെപ്പോലെ നാല് വര്‍ത്തമാനം നേരെ നോക്കി പറയുവാന്‍ നിനക്കൊക്കെ നട്ടെല്ലുണ്ടോ?’എന്ന ഗര്‍ജ്ജനവുമായി കണ്ണൂരിലെ കോണ്‍ഗ്രസ് കോട്ടയ്ക്കു കാവല്‍ നില്‍ക്കുന്ന കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനും മസിലു പിടിച്ചു നില്‍ക്കുന്നു. ഘടകകക്ഷിയിലെ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാപ്പയ്ക്കും മുഖ്യമന്ത്രിക്കസേരയിലേക്കൊരു കണ്ണുണ്ട്.

‘ആ കട്ടിലു കണ്ട് ആരും പനിക്കേണ്ട’ എന്ന താക്കീതുമായി ഹൈക്കമാന്‍ഡ് ഗേറ്റ്കീപ്പര്‍ കെ.സി. വേണുഗോപാലും പടിവാതില്‍ക്കലുണ്ട്.

കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡ് എന്നു പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ തീരുമാനിക്കും, പ്രിയങ്ക സപ്പോര്‍ട്ട് ചെയ്യും, സോണിയാജി മൗനസമ്മതം മൂളും. അതാണ് ‘എല്ലാം ഹൈക്കമാന്‍ഡ്’ തീരുമാനിക്കും എന്നു പറയുന്നതിന്‍റെ അര്‍ത്ഥം.

‘പോളിറ്റ് ബ്യൂറോ’യുടെ പ്രവര്‍ത്തനവും ഏതാണ്ട് ഇതേ രീതിയിലാണ്. താഴെത്തട്ടു മുതല്‍ ചര്‍ച്ചയോട് ചര്‍ച്ച. അവസാനം നിര്‍ദ്ദേശങ്ങളെല്ലാം പോളിറ്റ് ബ്യൂറോയിലെത്തും. ‘ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട, സ്രാങ്ക് പറയും, നിങ്ങള്‍ അനുസരിക്കും,’ മുഖ്യന്‍ കണ്ണുരുട്ടും അനുയായികള്‍ അഭിപ്രായമൊന്നും പറയാതെ പഞ്ചപുച്ഛമടക്കി എല്ലാം കേട്ട് തലകുലുക്കി സമ്മതിച്ചിട്ട് സ്ഥലംവിടും.

അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചും പാരവെച്ചും തട്ടീം മുട്ടീം ഒരു വിധമൊക്കെ കഴിഞ്ഞു പോരുകയായിരുന്നു.

അപ്പോഴാണ് നമ്മുടെ ‘വിശ്വപൗരന്‍’ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ഒരു പത്രലേഖനം എഴുതിയത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാരിന്‍റെ കാലത്ത് മൂന്നര ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളാണ് ഇവിടെ തുടങ്ങിയത്. ഇടതു സര്‍ക്കാരിന് എന്‍റെ അഭിനന്ദനങ്ങള്‍’!

ഇതു കേട്ട് തലയുള്ളവര്‍ ചുറ്റുമൊന്നു നോക്കിയിട്ട് തലതല്ലി ചിരിച്ചു.

കോണ്‍ഗ്രസുകാര്‍ ആദ്യമൊന്നും ഈ പ്രസ്താവന അത്ര ഗൗനിച്ചില്ല. പക്ഷേ, കമ്യൂണിസ്റ്റുകാര്‍ അത് ഏറ്റുപിടിച്ച് ആഘോഷിച്ചപ്പോഴാണ് ‘എവിടെയോ എന്തോ ഒരു പന്തികേട്’എന്നവര്‍ക്ക് പിടികിട്ടിയത്.

തരൂരു പിടി ഒന്നുകൂടി മുറുക്കി!

‘കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എല്ലാം മണക്കൂസുകളാണ്. ഒരു നാറിക്കും നല്ല ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകില്ല. എല്ലാം തികഞ്ഞ ഒരു കോണ്‍ഗ്രസുകാരന്‍ താന്‍ മാത്രം. എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടൂ, എന്നാല്‍ വിജയം സുനിശ്ചിതമെന്ന്’ പല അഭിപ്രായ സര്‍വെകളും ഊന്നി ഊന്നിപ്പറയുന്നു.

ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. അതുവരെ തമ്മിലടിച്ചു നടന്നവരെല്ലാം കൂടി തരൂരിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി.
വായില്‍ തോന്നിയതു കോതയ്ക്കു പാട്ടെന്നു പറഞ്ഞതുപോലെ, തികച്ചും അനാവശ്യമായ കമന്‍റുകള്‍, അനവസരത്തില്‍ പടച്ചുവിടുന്നത് തരൂരിന്‍റെ ഒരു ഹോബിയാണ്.

സംഗതി കൈവിട്ടു പോയെന്നു മനസ്സിലായപ്പോള്‍, മണിമണി പോലെ ഇംഗ്ലീഷ് പേശുന്ന രാഹുല്‍ജി തരൂര്‍ജിയെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു.

‘താനൊരു വലിയ സംഭവമാണെന്നും തനിക്കു വേണ്ടത്ര പരിഗണന പാര്‍ട്ടിയില്‍ കിട്ടുന്നില്ലെന്നും തന്‍റെ ഇംഗ്ലീഷ് ആര്‍ക്കും മനസ്സിലാകുന്നില്ലെന്നും’ തരൂര്‍ ഉണര്‍ത്തിച്ചു. കേരളത്തിലെ മുഖ്യമന്ത്രി പദമലങ്കരിക്കുവാന്‍ താനാണ് മറ്റ് ആരേക്കാളും യോഗ്യന്‍ എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

ഈ സംഭാഷണമെല്ലാം ഒളിഞ്ഞിരുന്നു കേട്ട വേണുഗോപാല്‍ജി പറയുന്നത്, രാഹുല്‍മോന്‍ തരൂരിനെ ഗെറ്റൗട്ട് അടിച്ചെന്നാണ്.
അസംതൃപ്തനായ തരൂര്‍ പുറത്തിറങ്ങി പറഞ്ഞത് ‘തന്‍റെ ഒരു പുല്ലും എനിക്കു വേണ്ട, എന്‍റെ മുന്നില്‍ ധാരാളം വഴികള്‍ തുറന്നു കിടപ്പുണ്ടെന്നാണ്.’

ഭരിക്കുന്ന പാര്‍ട്ടിയോട് ഒട്ടി നില്‍ക്കുന്നതാണ് ബുദ്ധി. കേരളത്തിലാണെങ്കില്‍ നല്ല ഒന്നാന്തരം ഇംഗ്ലീഷ് പേശുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയും വാഴക്കുല ഡോക്ടറേറ്റു നേടിയ യുവതിയുമുണ്ട്. ഒഴിവു വേളകളില്‍ അവരോട് കുശലം പറഞ്ഞിരിക്കാം. മന്ത്രിക്കസേര മോഹിച്ച് അങ്ങോട്ട് ചാടിയ ഡോ. സരിന്‍റെയും ഡോ. ജോ ജോസഫിന്‍റെയും ഗതി വരാതിരുന്നാല്‍ മതിയായിരുന്നു.

ഒരുപക്ഷേ, മൂര്‍ത്തമായ സാഹചര്യത്തില്‍ മൂര്‍ത്തമായ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം കിട്ടുമായിരിക്കും.

ബി.ജെ.പിയാണെങ്കില്‍ വിശാലമായ ഒരു വേദിയാണ്. മോദിജിക്കു വിദേശ പര്യടനത്തിനു പോകുമ്പോള്‍ കൂടെക്കൂട്ടി, നല്ല കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞ് ലോക നേതാക്കന്മാരെ ഞെട്ടിക്കാം.

പക്ഷേ, അവിടെ കാര്യങ്ങളൊക്കെ നല്ല സ്മൂത്തായി പോവുകയാണ്. വെറുതേ വേലിയിലിരിക്കുന്നതിനെ എടുത്ത് അസ്ഥാനത്ത് വെക്കുവാന്‍ ബുദ്ധിരാക്ഷസനായ അമിത് ഷാ സമ്മതിക്കുമെന്നു തോന്നുന്നില്ല.

ശരിക്കുമൊന്ന് ആലോചിച്ചാല്‍, തരൂരിനു പറ്റിയ തട്ടകം അമേരിക്ക തന്നെയാണ്.

ഇവിടെ നമ്മള്‍ മലയാളികള്‍ക്ക് ഫൊക്കാന, ഫോമാ എന്നീ രണ്ട് മഹത്തായ ദേശീയ സംഘടനകളുണ്ട്. ഒരേ ലക്ഷ്യം, ഒരേ മാര്‍ഗ്ഗം. രണ്ടു വര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം തന്നെ അരയും തലയും മുറുക്കി ഗോദയിലിറങ്ങിക്കഴിഞ്ഞു. അണിയറയില്‍ ചില വനിതാരത്നങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശം നടത്തുവാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന പിന്നാമ്പുറ വാര്‍ത്തയുമുണ്ട്.

ചെറിയ ചില നീക്കുപോക്കുകള്‍ നടത്തി ഒരു സമവായമെന്ന രീതിയില്‍, ഈ രണ്ട് സംഘടനകളും കൂടി യോജിച്ചുനിന്ന് ബഹുമാനപ്പെട്ട ശശി തരൂരിനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുക. തലേന്നും പിറ്റേന്നുമുള്ള രണ്ട് കണ്‍വന്‍ഷനുകള്‍ക്കു പകരം ഒരു കണ്‍വന്‍ഷന്‍ മതി.

അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലായാല്‍ വളരെ നല്ലത്.

കുഴപ്പമൊന്നുമില്ല. അപ്രതീക്ഷിതമായി അവിടെ ചിലപ്പോള്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കാറുണ്ടെന്നു മാത്രം!

പിന്നെ വ്യക്തിപരമായി ഒരു കാര്യം: ഇന്‍റര്‍വ്യൂ സമയത്ത് ചില സിനിമാനടിമാര്‍ നെറ്റിയില്‍ വീഴുന്ന മുടി പിന്നോട്ടു തട്ടിയിടുന്ന രീതിയില്‍ തലയാട്ടുന്ന താങ്കളുടെ ഒരു ആര്‍ട്ടിഫിഷ്യല്‍ സ്റ്റൈലുണ്ടല്ലോ, അതൊന്നു മാറ്റിപ്പിടിച്ചാല്‍ കുറച്ചുകൂടി ഒരു ഗൗരവം കിട്ടുമായിരുന്നു!

Print Friendly, PDF & Email

Leave a Comment

More News