എടത്വ: ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ (86) അന്തരിച്ചു.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയുടെ മകൻ ബാബു പുളിക്കത്രയുടെ സഹധർമ്മിണിയാണ് പരേതയായ മോളി ജോൺ.
സംസ്ക്കാരം മാർച്ച് 1ന് ശനിയാഴ്‌ച രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും.
മക്കൾ :ആലീസ് , ലൈലാമ്മ(ഒ.ഇ.എൻ , എറണാകുളം ),സോഫി, ജോർജ്ജി( ഷോട്ട് പുളിക്കത്ര ഗ്രൂപ്പ് ), പരേതയായ അനില.
മരുമക്കൾ :മല്ലപ്പള്ളി വാളക്കുഴി കോതപ്ളാക്കൽ പാപ്പച്ചൻ, ചേപ്പാട് മണപ്പാട്ട് റോയി, ആലപ്പുഴ എഴുപുരയിൽ റെജി (ദുബൈ), കോട്ടയം കൊല്ലാട് കുളഞ്ഞികൊമ്പിൽ രജ്ഞന (കൊയിനോണിയ ഗ്രൂപ്പ് – യുകെ),പരേതനായ ഇരവിപേരൂര്‍ ശങ്കരമംഗലം പോൾ.

മലങ്കര സഭയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തിരുവല്ല കോവൂർ കുടുംബാംഗം ഐപ്പ് തോമാ കത്തനാരുടെ ചെറുമകളും പരേതരായ കെ.എ നൈനാൻ , അന്നമ്മ നൈനാൻ എന്നിവരുടെ മകളുമാണ് മോളി ജോൺ.
മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളിവള്ളങ്ങൾ നിർമ്മിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ ബഹുമതിയുമായി പുളിക്കത്ര തറവാട് യുആർഎഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചിരുന്നു.ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് ‘ കളിവള്ളം 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാടിനോട് ചേർന്ന് ഉള്ള വള്ളപ്പുരയിൽ നിന്നും ജലമേളകളിൽ മത്സരിക്കുന്നതിന് കളിവള്ളം നീരണിയച്ചതിന് ശേഷം തുഴച്ചിൽക്കാർ എത്തുമ്പോൾ വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി അടക്കാനാവാത്ത ആവേശം സമ്മാനിച്ച് പ്രാർത്ഥനയ്ക്ക് ശേഷം ഒന്നാം തുഴ കൈമാറിയിരുന്നത് മോളി ജോൺ ആയിരുന്നു.
ഏറ്റവും ഒടുവിലായി തറവാട്ടിലെ നാലാമത്തെ കളിവള്ളം ആയ ഷോട്ട് പുളിക്കത്ര കളിവള്ളം 2017 ജൂലൈ 27ന് ആണ് നീരണിഞ്ഞത്.1952ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാൽ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു. പിന്നീട് “ഷോട്ട് “എന്ന ഓമനപേരിൽ പുളിക്കത്ര വള്ളം അറിയപെടുവാൻ തുടങ്ങി.
ഓരോ മത്സരങ്ങളിലും മാലിയിൽ പുളിക്കത്ര തറവാട്ടിലെ കളിവള്ളങ്ങൾ കിരീടം അണിയുമ്പോൾ പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ മുത്തമിട്ട് തൊഴുകൈകളുമായി ദൈവത്തിന് മഹത്വം അർപ്പിക്കുന്ന മോളി ജോൺ ഇനി ജലോത്സവ കായിക താരങ്ങളുടെ ഓർമ്മകളിൽ മാത്രം.