തിരുവനന്തപുരം: കീഴാറൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടിയും നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷവും ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചത്. 9 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള നാല് ക്ലാസ് മുറികളും ഗോവണിയും വരാന്തയുമുള്ള ഇരുനില മന്ദിരത്തിൻ്റെ ആകെ വിസ്തീർണം 4700 ചതുരശ്ര അടിയാണ്. മൂന്നു നിലകൾ നിർമ്മിക്കുന്നതിനുള്ള ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്.
സ്കൂളുകൾ പഠന സ്ഥലങ്ങൾ മാത്രമല്ല, നവീകരണത്തിൻ്റെയും സർഗാത്മകതയുടെയും കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണവും, നിലവിലുള്ളവയുടെ നവീകരണവും , വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരിമിതികളില്ലാതെ പഠിക്കുവാനും വളരുവാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വികസിത രാജ്യങ്ങൾ ജി.ഡി.പിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമ്പോൾ കേരളം സംസ്ഥാന ബഡ്ജറ്റിൽ ആറര ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍