തിരുവനന്തപുരം: ഗാന്ധി ഘാതകനും ഹിന്ദുത്വ വാദിയുമായ ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെ കോഴിക്കോട് എൻ.ഐ.ടിയുടെ ഡീൻ ആക്കി നിയമച്ചത് സംഘ്പരിവാറിൻ്റെ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കോഴിക്കോട് എൻ.ഐ.ടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള പണികൾ കുറച്ചുകാലമായി സംഘ്പരിവാർ ആസൂത്രിതമായി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം കോഴിക്കോട് കേസരി ഭവനിലെ മഹാത്മ ഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) എൻ.ഐ.ടിയും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണപത്രം മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ അധ്യക്ഷതയിൽ ഒപ്പിട്ടിരുന്നു. എൻ.ഐ.ടിയുടെ അക്കാദമിക് മേഖലയിൽ ഇടപെടുന്ന രീതിയിലുള്ള ആർ.എസ്.എസിൻ്റെ ഈ ഇടപെടലിൻ്റെ തുടർച്ച തന്നെയാണ് ഷൈജ ആണ്ടവൻ്റെ നിയമനവും.
എന്നാൽ, പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും ഈ നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗോഡ്സെ വാദിയായ ഡീനിനെ അംഗീകരിക്കില്ലെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. ഷൈജ ആണ്ടവൻ്റെ നിയമനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിക്കും. പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഈദ് ടി. കെ, ബാസിത് താനൂർ, ഗോപു തോന്നക്കൽ,ഷമീമ സക്കീർ, ലബീബ് കായക്കൊടി, സാബിർ അഹ്സൻ, അമീൻ റിയാസ് എന്നിവർ സംസാരിച്ചു.