“ഞാൻ ക്ഷമ ചോദിക്കില്ല!”: ട്രംപുമായുള്ള ചൂടേറിയ വാദപ്രതിവാദത്തിനുശേഷം സെലെൻസ്‌കി

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിൽ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ചൂടേറിയ വാദപ്രതിവാദം നടന്നതോടെ അമേരിക്കയും ഉക്രെയ്‌നും തമ്മിലുള്ള ബന്ധം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി. റഷ്യയുമായി സമാധാന കരാർ ഉണ്ടാക്കാൻ സെലെൻസ്‌കി വിസമ്മതിക്കുകയാണെന്ന് ട്രംപ് ആരോപിച്ചതോടെയാണ് വിവാദം ഉയർന്നുവന്നത്. ട്രം‌പിന് പിന്തുണയുമായി വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ചേര്‍ന്നതോടെ ചര്‍ച്ച ചൂടേറിയ വാഗ്വാദമായി. അതിനുശേഷം സെലെൻസ്‌കിക്ക് വൈറ്റ് ഹൗസ് വിട്ടുപോകേണ്ടി വന്നു.

ഈ അപ്രതീക്ഷിത സംഭവവികാസത്തെത്തുടർന്ന്, യൂറോപ്യൻ നേതാക്കൾ ഉക്രെയ്‌നിന് പൂര്‍ണ്ണ പിന്തുണ പ്രഖാപിച്ചു. ഇതോടെ യുഎസും യൂറോപ്പും തമ്മിൽ ഈ വിഷയത്തിൽ പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി.

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് സെലെൻസ്‌കിയോട് ചോദിച്ചപ്പോൾ, “തീർച്ചയായും, ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ കഴിയും” എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. എന്നിരുന്നാലും, കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് സെലെൻസ്‌കി “നന്ദി കെട്ടവനാണെന്നും” അദ്ദേഹം നിർദ്ദേശിച്ച വെടിനിർത്തൽ നിരസിച്ചുവെന്നും ആരോപിച്ചു. “ഇനി നിങ്ങൾക്ക് മറ്റ് മാർഗമൊന്നുമില്ല, ഒന്നുകിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുക, അല്ലെങ്കിൽ ഞങ്ങൾ പുറത്തുപോകും. ഞങ്ങൾ പുറത്തുപോയാല്‍ നിങ്ങൾ ഒറ്റയ്ക്ക് പോരാടേണ്ടിവരും,” ട്രംപ് സെലെൻസ്‌കിയെ ഭീഷണിപ്പെടുത്തി.

സെലെൻസ്‌കിയോട് വൈറ്റ് ഹൗസ് വിട്ടുപോകാൻ ട്രം‌പ് ആവശ്യപ്പെട്ടത് യൂറോപ്യൻ നേതാക്കളിൽ അമ്പരപ്പുളവാക്കി. തന്നെയുമല്ല, സെലെന്‍സ്കിക്ക് പരിപൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു. “നിങ്ങൾ ഒറ്റയ്ക്കല്ല,” എന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിക്കുകയും തന്റെ “അചഞ്ചലമായ പിന്തുണ” വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉക്രെയ്ൻ വിഷയത്തിൽ അമേരിക്കയും യൂറോപ്പും അവരുടെ സഖ്യകക്ഷികളും തമ്മിൽ “താമസമില്ലാതെ” ഒരു ഉച്ചകോടിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണി ആഹ്വാനം ചെയ്തു.

ഈ സംഭവത്തിന് ശേഷം റഷ്യയും പ്രതികരണം അറിയിച്ചു. മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് സെലെൻസ്‌കിയെ “അഹങ്കാരിയായ പന്നി” എന്ന് വിശേഷിപ്പിക്കുകയും “ഓവൽ ഓഫീസിൽ വെച്ച് അദ്ദേഹത്തിന് ഒരു അടി കിട്ടിയെന്ന്” പറയുകയും ചെയ്തു. അതേസമയം, ട്രംപ് ഈ വിഷയത്തിൽ മലക്കം മറിയുകയും വ്‌ളാഡിമിർ പുടിനും സെലെൻസ്‌കിക്കും ഇടയിലുള്ള ഒരു മധ്യസ്ഥനായി താൻ തന്നെ കാണുന്നുവെന്ന് പറയുകയും ചെയ്തു. എന്നാല്‍, റഷ്യയുടെ ആക്രമണത്തെ അപലപിക്കാൻ വിസമ്മതിച്ചു. പുടിനുമായി “പലതവണ” സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ട്രം‌പിന്റെ മലക്കം മറിച്ചില്‍ പുടിനെ സം‌രക്ഷിക്കാനാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച സെലെൻസ്‌കി, “ഞങ്ങളുടെ മേഖലയിലെ ഒരു കൊലയാളിയുമായും ഒരു വിട്ടുവീഴ്ചയു പാടില്ല” എന്ന് തറപ്പിച്ചു പറഞ്ഞു. യുഎസ്-ഉക്രെയ്ൻ ബന്ധം പ്രസിഡന്റുമാരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ സഹകരണത്തിന്റെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം തുടരുകയാണ്. കഴിഞ്ഞ വേനൽക്കാലത്ത് ഉക്രേനിയൻ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങൾക്ക് സമീപമുള്ള കുർസ്കിലെ ഉക്രേനിയൻ അതിർത്തിയിലേക്ക് റഷ്യൻ കാലാൾപ്പട പ്രവേശിച്ചതായി കീവ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News