“സെലെന്‍സ്കിക്ക് ചായയില്ല, വെള്ളമില്ല… ഭക്ഷണവുമില്ല”: വൈറ്റ് ഹൗസിൽ ആതിഥ്യ മര്യാദ കാണിക്കാതെ ട്രം‌പ്

വാഷിംഗ്ടണ്‍: ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയില്‍ അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. ട്രംപിന്റെ ഭാഗത്തുനിന്ന് ഊഷ്മളതയോ ആതിഥ്യമര്യാദയോ ഉണ്ടായില്ല. ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ സെലെന്‍സ്കിക്ക് ചായയോ വെള്ളമോ പോലും നല്‍കിയില്ല എന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംഭവം ട്രംപിൽ നിന്നുള്ള മനഃപൂർവമായ സൂചനയാണോ അതോ ഉക്രേനിയൻ പ്രസിഡന്റിനോടുള്ള അമേരിക്കയുടെ മാറിയ മനോഭാവത്തിന്റെ ഒരു നേർക്കാഴ്ചയാണോ എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. യോഗത്തിന്റെ ഈ വിചിത്രമായ അന്തരീക്ഷത്തിന് ആഴത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ചില നല്ല ഫലങ്ങൾ ഉണ്ടാകുമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തെ അനുഗമിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ, സെലെൻസ്‌കിയുടെ കൂടിക്കാഴ്ചയിൽ ചൂടേറിയ തർക്കം ഉണ്ടായി എന്നു മാത്രമല്ല, ട്രംപ് എല്ലാവരുടെയും മുന്നിൽ വെച്ച് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. സംഭാഷണത്തിനിടെ ട്രം‌പ് അദ്ദേഹത്തെ “നന്ദിയില്ലാത്തവന്‍” എന്നു പോലും വിശേഷിപ്പിച്ചു. ട്രം‌പ് മാത്രമല്ല വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെലെന്‍സ്കിയുടെ നേരെ തട്ടിക്കയറി. “പ്രസിഡന്റിന് നന്ദി പറഞ്ഞോ” എന്നായിരുന്നു വാന്‍സിന്റെ ചോദ്യം. “ഞാന്‍ അമേരിക്കന്‍ ജനതയോട് പല പ്രാവശ്യം നന്ദി പറഞ്ഞിട്ടുണ്ടെന്ന് സെലെന്‍സ്കിയും മറുപടി പറഞ്ഞു. അതേസമയം, വൈറ്റ് ഹൗസിലായിരിക്കേ, ട്രംപ് സെലെൻസ്‌കിക്ക് ഭക്ഷണം നൽകുകയോ ബഹുമാനം കാണിക്കുകയോ ചെയ്തില്ല.

ഈ കൂടിക്കാഴ്ച ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസിലെ ചർച്ച ഈ സംഭവത്തെ കൂടുതൽ വിവാദപരമാക്കി. ട്രംപ് സെലെൻസ്‌കിയെ പരസ്യമായി അപമാനിക്കുകയും ഭക്ഷണം നൽകാതെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കുകയും ചെയ്തത് ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ഈ തർക്കം വളരെയധികം വളർന്നതോടെ സ്ഥിതിഗതികൾ ശാന്തമാക്കാൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൻസിനു ഇടപെടേണ്ടി വന്നു. എന്നാല്‍, സെലെൻസ്‌കിയുമായുള്ള സംഭാഷണത്തിനിടെ, കൂടിക്കാഴ്ച തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമായ സന്ദേശം നൽകി. സെലെൻസ്‌കിയോട് വൈറ്റ് ഹൗസ് വിട്ടുപോകാൻ പറഞ്ഞ ട്രംപ് സംഭാഷണം അവസാനിപ്പിച്ചു.

ഈ കൂടിക്കാഴ്ച സെലെൻസ്‌കിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഷോക്ക് ആയിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രംപിനെ കാണാൻ പോയപ്പോൾ അമേരിക്ക തന്നെ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു, പക്ഷേ ട്രംപ് അദ്ദേഹത്തോട് ഒരു ബഹുമാനവും കാണിച്ചില്ല. മാത്രവുമല്ല, ഭക്ഷണമോ വെള്ളമോ ചായയോ കാപ്പിയോ നല്‍കാതെ ട്രംപിന്റെ നിർദ്ദേശ പ്രകാരം ഉക്രേനിയൻ പ്രതിനിധി സംഘത്തെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കി.

കൂടിക്കാഴ്ചയ്ക്കിടെ, ട്രംപ് ഉക്രേനിയൻ പ്രസിഡന്റിനോട് “മൂന്നാം ലോകമഹായുദ്ധത്തിൽ ചൂതാട്ടം നടത്തുകയാണ്” എന്ന് പറഞ്ഞു. ഇതിനുശേഷം അദ്ദേഹം ഉക്രെയ്നിലെ സ്ഥിതിഗതികളെ ചോദ്യം ചെയ്യുകയും സെലെൻസ്‌കിയുടെ പെരുമാറ്റം അമേരിക്കയെ അപമാനിക്കുന്നതാണെന്ന് പറയുകയും ചെയ്തു. ഈ പരുഷമായ പരാമർശം ഇരുവരും തമ്മിലുള്ള ബന്ധത്തെ വഷളാക്കി. സെലെൻസ്‌കിയോട് പോകേണ്ട സമയമായി എന്ന് വ്യക്തമായി പറഞ്ഞ ട്രംപ് സംഭാഷണം അവസാനിപ്പിച്ചു.

ഇതിനുശേഷം, സെലെൻസ്‌കിക്കും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിനും വൈറ്റ് ഹൗസിൽ ഭക്ഷണമൊന്നും നൽകിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ട്രംപിൽ നിന്ന് എന്തെങ്കിലും നല്ല കാര്യം പ്രതീക്ഷിച്ചിരുന്നെങ്കിലും ട്രംപ് പരസ്യമായി അദ്ദേഹത്തെ അപമാനിച്ചതിനാൽ ഈ സംഭവം സെലെന്‍സ്കിക്ക് വലിയ ഞെട്ടലുണ്ടാക്കി.

Print Friendly, PDF & Email

Leave a Comment

More News