തിരുവനന്തപുരം: അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ പട്ടാളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു. തുമ്പ സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. സന്ദർശക വിസയിൽ ജോർദാനിലെത്തി അവിടെനിന്ന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റാണ് മരിച്ചതെന്ന് ഇന്ത്യന്‍ എംബസിയില്‍ നിന്ന് കുടുംബത്തെ ഇമെയിൽ വഴി അറിയിച്ചു.
തോമസിനൊപ്പം ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശിയായ എഡിസൺ നാട്ടിലേക്ക് മടങ്ങി. കാലിന് പരിക്കേറ്റിട്ടുണ്ട്. അവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികൾ ഇസ്രായേല്‍ അധികൃതരുടെ പിടിയിലായി ഇപ്പോള്‍ ജയിലിലാണെന്നാണ് വിവരം. ഇസ്രായേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിച്ചപ്പോൾ ഇവര്‍ പാറകൾക്കിടയിൽ ഒളിച്ചിരുന്നു, തുടർന്ന് ജോര്‍ദ്ദാന്‍ സൈന്യം വെടിയുതിർത്തു. കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്ക് ശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
ഗബ്രിയേലിന്റെ മരണത്തെക്കുറിച്ച് എംബസിയിൽ നിന്ന് കുടുംബത്തിന് ഇമെയിൽ അയച്ചിരുന്നെങ്കിലും കുടുംബം അത് ശ്രദ്ധിച്ചില്ലെന്നു പറയുന്നു. പരിക്കേറ്റ എഡിസൺ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ഗബ്രിയേലിന്റെ മരണവാർത്ത അറിഞ്ഞത്.
അയൽക്കാരായ ഗബ്രിയേൽ പെരേരയും എഡിസണും ഒരുമിച്ചാണ് സന്ദര്‍ശക വിസയില്‍ ജോർദാനിലേക്ക് പോയത്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ഗബ്രിയേൽ ഇസ്രായേലിലേക്ക് പോയതെന്ന് കുടുംബം പറയുന്നു.