യുഎസ്-ചൈന താരിഫ് യുദ്ധത്തിനിടയിൽ ചൈനയ്ക്ക് ‘കറുത്ത സ്വർണ്ണം’ ലഭിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള താരിഫ് യുദ്ധം തുടരുന്നതിനിടയിൽ ചൈന ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ചൈനയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ സിനോപെക് രണ്ട് പുതിയ ഷെയ്ൽ ഓയിൽ ശേഖരം കണ്ടെത്തി, ഇവയിൽ ആകെ 180 ദശലക്ഷം ടൺ എണ്ണ കരുതൽ ശേഖരമുണ്ട്. ഫോസിൽ ഇന്ധന കയറ്റുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ ശക്തി പകരും.

വടക്കുകിഴക്കൻ ചൈനയിലെ ബൊഹായ് ബേ ബേസിനിലും കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലെ സുബെയ് ബേസിനിലുമാണ് ഈ എണ്ണ ശേഖരം കണ്ടെത്തിയതെന്ന് ചൈന പ്രഖ്യാപിച്ചു. റിപ്പോർട്ട് അനുസരിച്ച്, ഈ രണ്ട് ഷെയ്ൽ എണ്ണപ്പാടങ്ങളിലും ദീർഘകാല എണ്ണ ശേഖരം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ കാണിക്കുന്നത്. ഷെയ്ൽ എണ്ണ ശേഖരം വിലയിരുത്തുന്നതിന് ചൈന സ്വന്തം ആഭ്യന്തര മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

ഫോസിൽ ഇന്ധനങ്ങൾ, ലിഥിയം, കൊബാൾട്ട്, അപൂർവ ഭൂമി ലോഹങ്ങൾ തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ആഭ്യന്തര സ്രോതസ്സുകളുടെ അന്വേഷണത്തിലാണ് ചൈന. ഇതിന്റെ കീഴിൽ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള “ധാതു പര്യവേക്ഷണ മുന്നേറ്റ തന്ത്രം” 2011 ൽ ചൈന ആരംഭിച്ചിരുന്നു. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി, കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 10 പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തി, അവയിൽ ഓരോന്നിലും 100 ദശലക്ഷം ടണ്ണിലധികം എണ്ണ ശേഖരമുണ്ട്. അതോടൊപ്പം 19 പുതിയ വാതക പാടങ്ങളും 10 യുറേനിയം പാടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉപയോഗിക്കുന്ന ചൈന, ഇപ്പോൾ ഷെയ്ൽ എണ്ണയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി മാറിയിരിക്കുന്നു. 2025 ൽ ചൈനയുടെ അസംസ്കൃത എണ്ണ ഉത്പാദനം 213 ദശലക്ഷം ടണ്ണിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഷെയ്ൽ ഓയിലിന്റെ ഉത്പാദനം കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം കൂടുതലായി 60 ലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രം‌പുമായി താരിഫ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ചൈന ഈ പ്രധാന കണ്ടുപിടുത്തം നടത്തിയത്.
ട്രം‌പ് ചൈനയ്ക്ക് 10% തീരുവ ചുമത്തിയതിന് മറുപടിയായി, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 10-15 ശതമാനം തീരുവ ചുമത്താനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുന്ന പരസ്പര താരിഫും അമേരിക്ക പ്രഖ്യാപിച്ചു, അതിന്റെ കീഴിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് താരിഫ് ചുമത്തുന്ന രാജ്യങ്ങൾക്കും താരിഫ് ചുമത്തും. “യുഎസ് യുദ്ധം ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളും യുദ്ധത്തിന് തയ്യാറാണ്. അത് ഒരു വ്യാപാര യുദ്ധമായാലും മറ്റേതെങ്കിലും യുദ്ധമായാലും, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്. താരിഫിന്റെ പേരു പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കരുത്” എന്ന് ചൈനീസ് എംബസി താരിഫുകൾക്ക് മറുപടി നൽകി.

 

Print Friendly, PDF & Email

Leave a Comment

More News